വയനാട് ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയിലടക്കം സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . എഡിജിപി എം ആര്‍ അജിത് കുമാര്‍ പ്രധാനമന്ത്രിയ്ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കി. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുണ്ടക്കൈ , പുഞ്ചിരിമട്ടം എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തി.
കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി വെള്ളാര്‍മല സ്കൂള്‍ റോഡിലാണ് ആദ്യ സന്ദര്‍ശനം നടത്തിയത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ് സ്കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും പ്രധാനമന്ത്രി ആദ്യം കണ്ടു. ഇതിനുശേഷം വെള്ളാര്‍മല സ്കൂളിലെത്തിയ മോദി സ്കൂളിലെ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു.
ചൂരല്‍മലയിലെത്തിയശേഷം വെള്ളാര്‍മല സ്കൂളിലേ കുട്ടികളുടെ പഠനത്തെക്കുറിച്ചും മറ്റു വിവരങ്ങളും മോദി ചീഫ് സെക്രട്ടറി ഡോ. വി വേണുവിൽ നിന്ന് വിവരം തേടി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മല സ്കൂള്‍ റോഡിലെ വിവിധ പ്രദേശങ്ങളും പ്രധാനമന്ത്രി നടന്നു സന്ദര്‍ശിച്ചു. ബെയ്‌ലി പാലത്തിലൂടെ അദ്ദേഹം നടന്നു ദുരിതബാധിത പ്രദേശങ്ങള്‍ കണ്ടു. ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെയും നേരത്തെ പ്രധാനമന്ത്രി നേരില്‍ കണ്ടിരുന്നു.
തുടര്‍ന്ന് നരേന്ദ്രമോദി വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി, ചീഫ് സെക്രട്ടറി എന്നിവരും യോഗത്തിലുണ്ട്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന അവലോകന യോഗത്തിനായി വയനാട് ദുരന്തത്തിന്റെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. പ്രസന്റേഷനായാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇതുകൂടാതെ വയനാടിന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മെമോറാണ്ടം സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയ്ക്ക് നല്‍കുന്നുണ്ട് .
ഉച്ചകഴിഞ്ഞ് 3ന് തിരികെ പോകാനിരുന്ന മോദി ദുരന്തബാധിതരെ നേരില്‍ കാണാന്‍ തീരുമാനിച്ചതോടെ സമയക്രമത്തില്‍ മാറ്റം വരുത്തുകയായിരുന്നു.