ലണ്ടന്‍: സോഷ്യല്‍ മീഡിയ അടക്കം ഓണ്‍ലൈന്‍ ദുരുപയോഗവും വ്യാജപ്രചാരണവും വലിയ കലാപങ്ങള്‍ക്കും വിദ്വേഷങ്ങള്‍ക്കും കാരണമാകാറുണ്ട്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും ദുരുദ്ദേശ്യത്തോടെയുള്ള ഉള്ളടക്കങ്ങളും പെട്ടെന്ന് തിരിച്ചറിയാന്‍ സ്‌കൂള്‍കുട്ടികളെ പ്രാപ്തരാക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നു. ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ബ്രിജറ്റ് ഫിലിപ്സണ്‍ പറഞ്ഞു.
സൗത്ത്പോര്‍ട്ട് ആക്രമണത്തെത്തുടര്‍ന്ന് രാജ്യത്തുടനീളം വ്യാജവാര്‍ത്തകളും ഉള്ളടക്കവും മൂലം ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉടലെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ഇംഗ്ലീഷ്, കംപ്യൂട്ടര്‍ എന്നീ വിഷയങ്ങളുടെ ഭാഗമായി പ്രൈമറി, സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുക.
വിമര്‍ശനാത്മകചിന്ത വളര്‍ത്തുന്ന തരത്തിലുള്ള പാഠ്യപദ്ധതിപരിഷ്‌കാരങ്ങളിലൂടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായവാര്‍ത്തകള്‍, തീവ്രചിന്താഗതികള്‍, ഗൂഢാലോചനാസിദ്ധാന്തങ്ങള്‍, മറ്റു വിദ്വേഷപ്രചരണങ്ങള്‍ എന്നിവ തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. അടുത്തവര്‍ഷം സെപ്റ്റംബറിലാരംഭിക്കുന്ന അധ്യയനവര്‍ഷം മുതലാകും പരിഷ്‌കരണങ്ങള്‍ പ്രാബല്യത്തില്‍ വരുക.
ജൂലൈ 29-ന് ഇംഗ്ലണ്ടിലെ സൗത്ത്പോര്‍ട്ടില്‍ നൃത്തപരിപാടിക്കിടെ മൂന്നു പെണ്‍കുട്ടികള്‍ കുത്തേറ്റുമരിച്ചിരുന്നു. അക്രമി പിടിയിലായെങ്കിലും അയാള്‍ കുടിയേറ്റക്കാരനും മുസ്ലിമുമാണെന്ന വ്യാജവാര്‍ത്ത സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രാജ്യത്തുടനീളം കുടിയേറ്റക്കാര്‍ക്കുനേരേ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. തീവ്ര വലതുപക്ഷവാദികളാണ് പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.