വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നിറങ്ങിയയാളെ തട്ടികൊണ്ടു പോയി
വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നയാളെ തട്ടികൊണ്ടു പോയെന്ന് പരാതി.തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഓട്ടോയില്‍ കയറിയ ആളെയാണ് തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ മുഖ്യ സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറുടെ നിര്‍ണായക മൊഴി പോലീസിന് ലഭിച്ചു. വഞ്ചിയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്ത് നിന്ന് പുലര്‍ച്ചെ 12.30 മണിക്കാണ് യുവാവ് ഓട്ടോയില്‍ കയറിയത്. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടു വിടണമെന്ന് ഡ്രൈവര്‍ വൈശാഖിനോട് ആവശ്യപ്പെട്ടു. തിരുനെല്‍വേലിക്ക് പോകാനാണെന്നും ഇയാള്‍ പറഞ്ഞു. ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിക്ക് തകരപ്പറമ്പ് ഭാഗത്ത് വച്ച് ഓട്ടോ തടഞ്ഞുനിര്‍ത്തി രണ്ടു കാറുകളിലായി വന്ന സംഘം ബലം പ്രയോഗിച്ച് ഇയാളെ പുറത്തിറക്കി. മര്‍ദ്ദിച്ച് കാറില്‍ കയറ്റി. ചോദിക്കാനെത്തിയ ഡ്രൈവറെയും സംഘം മര്‍ദിച്ചു.
വെള്ളയും, ചാരയും നിറത്തിലുള്ള കേരള രജിസ്ട്രേഷനിലുള്ള രണ്ടു വണ്ടികളിലായാണ് സംഘമെത്തിയതെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഓട്ടോ സ്റ്റാന്‍ഡിന് സമീപം ഈ വാഹനങ്ങള്‍ നേരത്തെ പാര്‍ക്ക് ചെയ്തതായി ശ്രദ്ധയില്‍ പെട്ടതായി ഓട്ടോ റിക്ഷാ തൊഴിലാളികള്‍ പറഞ്ഞു. തട്ടിക്കൊണ്ടു പോയത് ആരെയാണെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികള്‍ സഞ്ചരിച്ച കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ നോക്കി കാര്‍ പോയ ദിശ കണ്ടെത്താനാണ് ശ്രമം. കാര്‍ പ്രതികള്‍ വാടകക്കെടുത്തതാണെന്ന് വ്യക്തമായിട്ടുണ്ട്.