കൊല്ലം കുണ്ടറയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍, ഭര്‍ത്താവിന് പരിക്ക്; മകന്‍ ഒളിവില്‍
കൊല്ലം കുണ്ടറയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലതയെയാണ് മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പുഷ്പലതയുടെ പിതാവ് ആന്റണിയെയും പരിക്കേറ്റ നിലയില്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ പുഷ്പലതയുടെ മകന്‍ അഖിലിനെ കാണാനില്ലെന്നാണ് വിവരം. പുഷ്പലതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ ആന്റണിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അഖില്‍ സ്ഥിരമായി ഇരുവരെയും മര്‍ദ്ദിച്ചിരുന്നതായി പൊലീസ് പറയുന്നു.
അഖിലിന്റെ മര്‍ദ്ദനത്തെ കുറിച്ച് വിവരം ലഭിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാളെ വീട്ടിലെത്തി താക്കീത് ചെയ്തിരുന്നു. ഇന്ന് രാവിലെ വീട്ടിലെത്തിയ ബന്ധുവാണ് പുഷ്പലതയുടെ മൃതദേഹം വീടിനുള്ളില്‍ കണ്ടത്. ഇതിന് പിന്നാലെ ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അഖിലിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.