വൈകിയെന്നു ആരോപിച്ച് എസ്‍പിയെ പൊതുവേദിയില്‍ അപമാനിച്ച് പിവി അന്‍വര്‍ എംഎല്‍എ
മലപ്പുറം: മലപ്പുറം ജില്ലാ പോലീസ് അസോസിയേഷന്‍ സമ്മേളന വേദിയില്‍ എസ്പിയെ പരസ്യമായി അധിക്ഷേപിച്ച് എംഎല്‍എ യുടെ പ്രസംഗം. വേദിയില്‍ തന്നെ ദീര്‍ഘനേരം കാത്തിരിക്കാന്‍ നിര്‍ബ്ബന്ധിതനാക്കി എന്നാരോപിച്ച് മലപ്പുറം എസ്പി എസ് ശശിധരനെ എംഎല്‍എ പിവി അന്‍വര്‍ ആണ് ആക്ഷേപിച്ചത്. മറുപടി പ്രസംഗത്തില്‍ കാര്യമായി പ്രസംഗിക്കാതെ എസ്പി വേദി വിട്ടുപോകുകയും ചെയ്തു.
പരിപാടിയില്‍ എംഎല്‍എ ഉദ്ഘാടകനും എസ്പി മുഖ്യപ്രഭാഷകനുമായരുന്നു. എന്നാല്‍ ഐപിഎസ് ഓഫീസറുടെ പെരുമാറ്റം പോലീസ് സേനയക്ക് തന്നെ നാണക്കേടാണെന്ന് പറഞ്ഞ് പ്രസംഗം ആരംഭിച്ച എംഎല്‍എയുടെ സംസാരം പുരോഗമിച്ചപ്പോള്‍ രൂക്ഷ വിമര്‍ശനത്തിന് എസ്പിയെ ഇരയാക്കാനും മറന്നില്ല.
കേരളത്തെ ബുദ്ധിമുട്ടിക്കുക എന്ന കേന്ദ്രത്തിന്റെ ആവശ്യത്തിന് കുടപിടിക്കുന്നതാണ് എസ്പിയുടെ പെരുമാറ്റം എന്നായിരുന്നു എംഎല്‍എയുടെ ആക്ഷേപം. ഇപ്പോള്‍ നടക്കുന്ന ഈ പരിപാടിക്ക് താന്‍ എസ്പിയെ കാത്ത് ഒരുപാട് സമയം ഇരിക്കേണ്ടി വന്നു. അദ്ദേഹം ജോലിത്തിരക്കുള്ള ആളാണ്. അതാണ് കാരണം എങ്കില്‍ ഓക്കേ. അല്ലാതെ എംഎല്‍എ കുറച്ച് സമയം അവിടെ ഇരിക്കട്ടെ എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ എസ്പി ആലോചിക്കണം എന്നും വിമര്‍ശിച്ചു. ഇങ്ങനെ പറയേണ്ടിവന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതെ നിവൃത്തിയില്ല. പോലീസിന് മാറ്റം ഉണ്ടായെ തീരു. അല്ലെങ്കില്‍ ജനം ഇടപെടുമെന്ന് പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. തന്റെ പാര്‍ക്കിലെ മോഷണക്കേസും എംഎല്‍എ വിമര്‍ശനത്തിനായി ഉപയോഗിച്ചു.
പിന്നാലെ മുഖ്യപ്രഭാഷണത്തിന് കയറിയപ്പോള്‍ അല്‍പം തിരക്കിലാണെന്നും പ്രസംഗിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്നും പറഞ്ഞു ഒറ്റവരിയില്‍ ആശംസ അര്‍പ്പിച്ച് എസ്പി വേദി വിട്ടു പോകുകയും ചെയ്തു.
അതേസമയം ഇലന്തൂര്‍ നരബലി കേസ് അന്വേഷിച്ച് വിവരം പുറത്തുകൊണ്ടുവന്ന മിടുക്കനായ ഉദ്യോഗസ്ഥനെയാണ് എംഎല്‍എ പരസ്യമായി അധിക്ഷേപിച്ചതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇലന്തൂര്‍ കേസ് തെളിയിച്ച പോലീസ് ടീമിന്റെ തലവനാണ് എസ്പി ശശീധരന്‍.