ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം, സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പ്രതികരണവുമായി 'അമ്മ'
കൊച്ചി: കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് പ്രതികരണമറിയിച്ച് മലയാള താരസംഘടനയായ ' അമ്മ'. റിപ്പോര്‍ട്ട് സ്വഗതാര്‍ഹമാണന്ന് ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അമ്മ ഒളിച്ചോടിയിട്ടില്ലെന്നും ഷോയുടെ തിരക്കുമൂലമാണ് പ്രതികരിക്കാന്‍ വൈകിയതെന്നും സിദ്ദിഖ് പ്രതികരിച്ചു. കുറ്റാരോപിതര്‍ക്കെതിരെ പോലീസ് കേസെടുക്കണം, ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ സിനിമ മേഖലയെ അടച്ചാക്ഷേപിക്കരുത്. സിനിമയില്‍ പവര്‍ ഗ്രൂപ്പോ , മാഫിയയോ ഇല്ല. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട പവര്‍ഗ്രൂപ്പിനെക്കുറിച്ച് അന്വേഷിക്കുമെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെച്ചൊല്ലി അമ്മയില്‍ തന്നെ ഭിന്നത നിലനില്‍ക്കേയാണ് ഔദ്യോഗിക പ്രതികരിക്കാന്‍ സംഘടന തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിലപാട് വ്യക്തമാക്കാത്ത സിനിമാ സംഘടനകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് താരംസംഘടനയായ അമ്മയിലെ ഭിന്നത പുറത്തുവന്നത്. നിലപാട് വ്യക്തമാക്കുന്നതില്‍ താരസംഘടനയ്ക്ക് പിഴവ് പറ്റിയെന്നും തെറ്റ് ചെയ്തവരെ ഒരിക്കലും സംരക്ഷിക്കില്ലെന്നും അമ്മ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല പ്രതികിച്ചതിന് പിന്നാലെയാണ് 'അമ്മ' യോഗം വിളിച്ചതും ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായതും. ജഗദീഷും സംഘടനയുടെ മൗനത്തിനെതിരെ രംഗത്തുവന്നിരുന്നു. പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ എത്തിയുമില്ല.
അമ്മയെ ന്യായീകരിച്ചു സിദ്ധിഖിനൊപ്പം നടി ജോമോളും ഉണ്ടായിരുന്നു. വര്‍ഷങ്ങളായി താന്‍ സിനിമയില്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും തന്റെ അനുഭവത്തില്‍ ആരും മോശമായി സംസാരിക്കുകയോ കതകില്‍ വന്ന് മുട്ടുകയോ കൂടെ സഹകരിച്ചാല്‍ മാത്രമേ അഭിനയിക്കാന്‍ ചാന്‍സുള്ളുവെന്നോ പറഞ്ഞിട്ടില്ലെന്നും ജോമോള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
'ഞാനെത്ര കാലമായി സിനിമയില്‍ ഉണ്ടെന്നത് എല്ലാവര്‍ക്കും അറിയാം. എന്റെ അനുഭവത്തില്‍ ആരും മോശമായി സംസാരിക്കുകയോ കതകില്‍ വന്ന് മുട്ടുകയോ കൂടെ സഹകരിച്ചാല്‍ മാത്രമേ അഭിനയിക്കാന്‍ ചാന്‍സ് തരൂ എന്നൊന്നും പറഞ്ഞിട്ടില്ല. പ്രമുഖ നടിയെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്ന് പറയുന്നത് കേട്ടു. ഞാനും അവാര്‍ഡ് നേടിയതാണ്. ഒരു സംവിധായകന്റെയോ നിര്‍മാതാവിന്റെയോ ക്രിയേറ്റിവിറ്റിയെ ചോദ്യം ചെയ്യാന്‍ പാടില്ല. അതില്‍ നമുക്ക് ഇടപെടാന്‍ സാധിക്കില്ല', ജോമോള്‍ പറഞ്ഞു.
സിനിമമേഖലയിലെ ദുരനുഭവങ്ങളെ കുറിച്ച് സഹപ്രവര്‍ത്തകര്‍ പറഞ്ഞുകേട്ടിട്ടില്ല. പരാതിയുള്ളവര്‍ക്ക് തങ്ങളുടെ പിന്തുണയുണ്ടെന്നും അവരോടൊപ്പം തന്നെയാണെന്നും ജോമോള്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം വൈകിയതില്‍ ക്ഷമ ചോദിച്ച് താരസംഘടന അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ നടന്‍ ജഗദീഷ് രംഗത്തുവന്നിരുന്നു. കോടതി നിര്‍ദേശിച്ചാലും ഇല്ലെങ്കിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ സമഗ്ര അന്വേഷണം വേണമെന്ന് ജഗദീഷ് വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ പറയുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞിരുന്നു. ഇതിനെ തിരുത്തിയ ജഗദീഷ് ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാവില്ലെന്നും വ്യക്തമാക്കി.
'അമ്മയുടെ പ്രതികരണം വൈകിയതില്‍ സംഘടനയുടെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ കോടതി പറഞ്ഞാലും ഇല്ലെങ്കിലും സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്. അതില്‍ നിന്ന് അമ്മയ്‌ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. എന്നാല്‍ വിജയിച്ച നടികളോ നടന്മാരോ വഴി വിട്ട പാതയിലൂടെയാണ് വിജയം വരിച്ചതെന്ന് ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല. ഈ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല. ഹേമ കമ്മിറ്റി തന്ന വിവരമനുസരിച്ചാണ് പറയുന്നത്. അല്ലാതെ എനിക്ക് വ്യക്തിപരമായി നേരത്തേ അറിയാമായിരുന്ന കാര്യങ്ങളല്ല', ജഗദീഷ് പറഞ്ഞു.
'വാതില്‍ലില്‍ മുട്ടി എന്ന് ഒരു ആര്‍ട്ടിസ്റ്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ അന്വേഷിക്കണം. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ശരിയല്ല എന്നാണ് എന്റെ പക്ഷം. അമ്മ എന്ന സംഘടനയും വാദിക്കുന്നത് അത് തന്നെയാണ്. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പല തൊഴിലിടത്തിലും ഇതുപോലെ നടക്കുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അങ്ങനെ ചോദിക്കാന്‍ പാടില്ല എന്ന പക്ഷക്കാരമാണ് ഞാന്‍. അത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അത് ഭാവിയില്‍ നടക്കുന്നത് തടയാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് ചോദ്യം', ജഗദീഷ് കൂട്ടിച്ചേര്‍ത്തു.