കൊച്ചി: മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നീ നടന്‍മാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ നടി മിനു മുനീര്‍ പരാതി നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്.
നടന്‍മാര്‍ കൂടാതെ രണ്ട് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമാര്‍ക്കും പ്രൊഡ്യൂസറായിരുന്ന അഡ്വ. ചന്ദ്രശേഖറിനുമെതിരെയാണ് പരാതി. ഓരോരുത്തര്‍ക്കുമെതിരേ പ്രത്യേകം പരാതി മെയിലായി അയക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ആരോപണവുമായി മിനു മുനീര്‍ രംഗത്തെത്തിയത്. മാധ്യമങ്ങളില്‍ വെളിപ്പെടുത്തല്‍ വന്ന ശേഷം പ്രത്യേക അന്വേഷണസംഘം ഇവരെ ബന്ധപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് മിനു പരാതി നല്‍കിയത്.
ആദ്യത്തെ ദുരനുഭവം 2008ല്‍ ആണ് ഉണ്ടായത്. ജയസൂര്യയുടെ ഭാഗത്ത് നിന്നാണ് മോശമായ പെരുമാറ്റം ഉണ്ടായത്. സെക്രട്ടേറിയറ്റില്‍ ആയിരുന്നു ഷൂട്ടിംഗ്. റസ്റ്റ് റൂമില്‍ പോയിട്ട് വന്നപ്പോള്‍ ജയസൂര്യ പുറകില്‍ നിന്നും കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്‌ലാറ്റിലേക്ക് വരാന്‍ ക്ഷണിച്ചു. പിന്നീട് ശല്യം ഉണ്ടായില്ല. ആരോടെങ്കിലും ഇക്കാര്യം പറയാന്‍ പേടിയായിരുന്നു.
2013 ആയപ്പോളേക്കും ഞാന്‍ 6 സിനിമകളില്‍ അഭിനയിച്ചു. 3 സിനിമയില്‍ അഭിനയിച്ചാല്‍ അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കും. ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോം പൂരിപ്പിക്കാന്‍ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു. ഫോം പൂരിപ്പിച്ചു കൊണ്ട് നിന്നപ്പോള്‍ ഇടവേള ബാബു കഴുത്തില്‍ ചുംബിച്ചു. പെട്ടെന്ന് ഫ്‌ളാറ്റില്‍ നിന്നിറങ്ങി.
അമ്മയില്‍ അംഗത്വം കിട്ടിയില്ല. പിന്നീട് നടന്‍ മുകേഷ് ഫോണില്‍ വിളിച്ചു മോശമായി സംസാരിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചു. മുകേഷിനോട് പിന്നീട് സംസാരിച്ചിട്ടില്ല. മണിയന്‍പിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച് വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചു.
മുറിയുടെ വാതിലില്‍ മുട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരും മോശമായി പെരുമാറി. പിന്നീട് അമ്മയില്‍ നിന്ന് ഒരാള്‍ വിളിച്ച് ഇപ്പോള്‍ അംഗത്വം തരാന്‍ കഴിയില്ലെന്ന് അറിയിച്ചു. ഇതിന് ശേഷം എല്ലാം മടുത്താണ് ചെന്നൈയിലേക്ക് പോയത് എന്നാണ് മിനു മുനീര്‍ പറയുന്നത്.