ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് 'അമ്മ'യിലെ ഭാരവാഹികളടക്കം നിരവധി താരങ്ങള്‍ക്കെതിരെ നടിമാര്‍ ലൈംഗികാരോപണങ്ങളുമായി രംഗത്തുവന്നതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് താര സംഘടന തല്ലിപ്പിരിഞ്ഞു. ഭാരവാഹികള്‍ വേട്ടക്കാരാവുകയും ഭരണസമിതി അംഗങ്ങള്‍ ചേരി തിരിഞ്ഞു പോര്‍വിളി തുടങ്ങുകയും ചെയ്തതോടെ സ്വയം രാജിവയ്ക്കുകയും ഭരണസമിതി പിരിച്ചുവിടാനും പ്രസിഡന്റ് മോഹന്‍ലാല്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു ദിവസമായി മോഹന്‍ലാല്‍ രാജിയുടെ കാര്യം പരിഗണിച്ചു വരുകയായിരുന്നു. പോകുന്നെങ്കില്‍ കൂട്ടരാജിയാണ് നല്ലതെന്നു മമ്മൂട്ടിയടക്കം ഉപദേശിക്കുകയും ചെയ്തു.
മോഹന്‍ലാലിന്റെ രാജിക്കത്ത്
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു .രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരെഞ്ഞെടുക്കും.
'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും.
മലയാള ചലച്ചിത്രരംഗത്തെ അണിയറരഹസ്യങ്ങള്‍ ചുരുളഴിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലരവര്‍ഷത്തെ സസ്‌പെര്‍സിനൊടുവില്‍ പുറത്തുവന്നതിന്റെ ബാക്കിപത്രമാണ് 'അമ്മ'യുടെ തല്ലിപ്പിരിയല്‍. നേരത്തെ ലൈംഗികാരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു. തുടര്‍ന്ന് ഈ സ്ഥാനത്തേക്ക് താത്ക്കാലികമായി ചുമതലയേല്‍ക്കാനിരുന്ന ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയര്‍ന്നു. ഇതോടെ താരസംഘടന കടുത്ത സമ്മര്‍ദത്തിലായി.
മലയാള സിനിമാലോകത്തു പതിറ്റാണ്ടുകളായി നിലനിന്ന മാഫിയാ വത്‌ക്കരണത്തിലും ലൈംഗിക ചൂഷണത്തിലും അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ . കാസ്റ്റിങ് കൗച്ചും വിലക്കും ബഹിഷ്കരണവും എല്ലാമായി മലയാള സിനിമയെ കൈപ്പിടിയിലാക്കിവച്ചിരുന്ന 'പവര്‍ഗ്രൂപ്പ്' നിലംപൊത്തുന്ന കാഴ്ചയാണ് കാണുന്നത്. 'അമ്മ' സംഘടന ചിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ഇനിയൊരു തലമുറ മാറ്റമാണ് ഏവരും പ്രതീക്ഷിക്കുന്നത്.