മലയാള സിനിമാലോകത്തെ പിടിച്ചുകുലുക്കുന്ന നടിമാരുടെ വെളിപ്പെടുത്തലുകള്‍ മൂലം നടന്‍ മുകേഷ് എംഎല്‍എ കുടുങ്ങി. നടിയുടെ പരാതിയില്‍ സിപിഎം എംഎല്‍എ കൂടിയായ മുകേഷിനെതിരെ ബലാത്സംഗ കുറ്റം ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. മുകേഷ് നേരത്തെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ ആരോപണം.
ഐപിസി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍, ഐപിസി 376 (1) ബലാല്‍സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ആരോപണവുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മുകേഷ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീപക്ഷ പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന ഇറങ്ങിയിട്ടുണ്ട്.
മുകേഷിനെ ഒഴിവാക്കിയില്ലെങ്കില്‍ കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നും സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ പറയുന്നു. സാറ ജോസഫ്, കെ അജിത, കെആര്‍ മീര, എന്നിവരുടെ നേതൃത്വത്തില്‍ 100 സ്ത്രീപക്ഷ പ്രവര്‍ത്തകരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്.
പ്രസ്താവനയുടെ പൂര്‍ണ രൂപം
സിനിമാനടനും, കൊല്ലം എം എല്‍ എയുമായ മുകേഷ് വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും നിരവധി ആരോപണങ്ങള്‍ നേരിടുന്നയാളാണ്. ഇപ്പോള്‍ തന്നെ മൂന്ന് സ്ത്രീകള്‍ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട് . ഗാര്‍ഹിക പീഡനം, ബലാത്സംഗം, തൊഴില്‍ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങള്‍ മുകേഷിന്റെ പേരിലുണ്ട്. നിയമനിര്‍മ്മാണ സഭയിലെ അംഗം എന്ന നിലയില്‍ ഉത്തരവാദിത്വമുള്ള ഒരു പദവിയാണ് എംഎല്‍എ സ്ഥാനം. സിനിമാ മേഖലയില്‍ നിന്ന് തന്നെ ആരോപണങ്ങള്‍ നേരിടുന്നയാളെ സര്‍ക്കാര്‍ വീണ്ടും സിനിമ നയം രൂപീകരിക്കുന്ന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണ്.
ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം സ്വയം രാജിവയ്‌ക്കേണ്ടതാണ്. അദ്ദേഹം അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ ആവശ്യപ്പെടുകയോ ആ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സിനിമ നയരൂപീകരണ കമ്മറ്റിയില്‍ നിന്നും സിനിമ കോണ്‍ക്ലേവിന്റെ ചുമതലകളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്യണം. അല്ലാത്തപക്ഷം എംഎല്‍എ മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.