ബിജെപി ബന്ധം വിനയായി; ഇപി ജയരാജന്‍ പുറത്ത്, പകരം ടിപി രാമകൃഷ്ണന്‍
ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ മാറ്റി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പകരം ചുമതല എംഎല്‍എ ടിപി രാകൃഷ്ണന് നല്‍കി. സംസ്ഥാന സമിതിക്ക് കാക്കാതെ ഇപി ജയരാജന്‍ കണ്ണൂരിലേക്ക് കഴിഞ്ഞ ദിവസം തന്നെ മടങ്ങിയിരുന്നു.
കണ്ണൂരില്‍ നേരത്തേ പ്രഖ്യാപിച്ച പാര്‍ട്ടി പരിപാടികളോ പൊതുപരിപാടികളോ ഇന്ന് ഇ.പി.ജയരാജനില്ല. കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ ഇ.പിക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. സംസ്ഥാന സമിതിക്കു നടപടിക്കു നിര്‍ദേശിക്കാനാകും. തനിക്കെതിരായ ആരോപണങ്ങളിലെ ചര്‍ച്ചകള്‍ തന്റെ സാന്നിധ്യത്തില്‍ വേണ്ടെന്നുകൂടി കരുതിയാകണം ഇ.പി തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കു പോയതെന്നാണു വിവരം.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ ഇക്കാര്യത്തില്‍ ഇ.പിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നാളെ മുതല്‍ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു തുടക്കമാകും. അതിനു മുന്‍പായി പാര്‍ട്ടിയിലെ അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. പി.കെ.ശശിക്കെതിരായ നടപടിയും ഇന്ന് സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.