'അധോലോക മാഫിയ': മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും പ്രതിക്കൂട്ടില്‍
നയതന്ത്ര സ്വര്‍ണക്കടത്തു വിവാദത്തില്‍പ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും പ്രതിക്കൂട്ടിലാകുന്ന കാഴ്ചയാണ് ഇപ്പോള്‍. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും വിഷയം കൂടുതല്‍ വഷളാകാതെയിരിക്കാനാണ് അന്‍വറിനെ പിണക്കാതെ, തന്റെ വിശ്വസ്തനായ എം.ആര്‍ അജിത് കുമാറിനെ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടു കൊടുത്തിരിക്കുന്നതെന്നാണ് ആരോപണം. മുമ്പ് ശിവശങ്കറിനെ ബലിയാടാക്കിയതിനു സമാനം. സിപിഎമ്മും മുഖ്യമന്ത്രിയും അന്‍വറിനെ ഭയപ്പെടുന്നു എന്ന് വ്യക്തം. അതുകൊണ്ടുതന്നെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇനിയില്ലെന്നു അന്‍വര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അജിത് കുമാറിനെ വീഴ്ത്തുകയെന്ന ആദ്യ ലക്‌ഷ്യം കൊണ്ട് അന്‍വര്‍ പോര് നിര്‍ത്തുകയാണ്.
സി.പി.എം നല്‍കിയ മുന്നറിയിപ്പുകള്‍ പരസ്യമായി തള്ളിക്കൊണ്ടു പി.വി. അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചെങ്കില്‍ അതിനു തക്ക തെളിവുകളും കിട്ടിയിട്ടുണ്ടാവണം. അന്‍വറിന്റെ ആരോപണശരങ്ങള്‍ മുഴുവന്‍ ക്രമസമാധാനച്ചുമതലയുള്ള എഡിപജിപി എം.ആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരേയായിരുന്നു.
രണ്ടുപേരും പിണറായിയുടെ വിശ്വസ്തരാണ്. മുഖ്യമന്ത്രിയെ തൊടുന്നില്ലെങ്കിലും അന്‍വറിന്റെ കല്ലുകള്‍ കൊള്ളുന്നത് പിണറായിക്കു തന്നെ. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞെന്നും തലപ്പത്ത് അധോലോക ബന്ധമുള്ളവരാണെന്നും ഭരണപക്ഷത്തെ എം.എല്‍.എ. തന്നെ പറയുമ്പോള്‍ പാര്‍ട്ടിവെട്ടിലായി. എം.ആര്‍. അജിത് കുമാറിനെതിരേ അന്‍വറിന്റെ പ്രധാന ആരോപണം ഫോണ്‍ ചോര്‍ത്തലാണ്. സ്വര്‍ണക്കക്കടത്ത്, അധോലോക നായകന്‍ ദാവൂദിന്റെ കണ്ണി എന്നൊക്കെയാണ് അജിത് കുമാറിന് അന്‍വര്‍ നല്‍കിയ വിശേഷണം
താനും ഫോണ്‍ ചോര്‍ത്തിയതായി അന്‍വര്‍ സമ്മതിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടേത് അടക്കമുള്ള ഫോണുകള്‍ എങ്ങിനെ ഒരു എം.എല്‍.എക്ക് ചോര്‍ത്താനാകുമെന്നതാണ് പ്രധാന ചോദ്യം. ഇത്രയേറെ ആരോപണം ഉന്നയിക്കാന്‍ അന്‍വറിന് പിന്നില്‍ പാര്‍ട്ടിയിലെ തന്നെ മറ്റാരെങ്കിലുമുണ്ടോ എന്ന സംശയങ്ങളും ബാക്കിയാണ്. ശശിക്കെതിരേ പാര്‍ട്ടി നീക്കമെന്താകും എന്ന ചോദ്യവും ബാക്കി.
അജിത്ത് കുമാറിന്റെ സംഘം വിമാനത്താവളത്തില്‍ നിന്നും കോടികളുടെ സ്വര്‍ണം കടത്തിയിട്ടുണ്ട് എന്നായിരുന്നു അന്‍വറിന്റെ ആരോപണം. മുജീബ് എന്നയാളാണ് എം.ആര്‍ അജിത്ത് കുമാറിന്റെ പ്രധാന സഹായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോര്‍ത്തുന്നുണ്ട്. പുറത്ത് വിടാത്ത തെളിവുകര്‍ ഇനിയും കയ്യിലുണ്ട്. അജിത്ത് കുമാറിനെതിരെ അന്വേഷണം നടത്തുന്ന അന്വേഷണ സംഘത്തിനോട് സഹകരിക്കുമെന്നും എല്ലാ തെളിവുകളും കൊടുക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. അജിത്ത് കുമാര്‍ മാറി നിന്നാലും രാജിവെച്ചാലും ആരോപണങ്ങള്‍ നിലനില്‍ക്കുമെന്ന് പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
പിണറായിയുടെ വിശ്വസ്തനായ അജിത്ത് കുമാര്‍ ഇത്രയൊക്കെ ചെയ്തിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഉന്നതബന്ധം ഉറപ്പാണ്. ഡിജിപിയെ നോക്കുകുത്തിയാക്കി അജിത്ത് കുമാറും പി ശശിയും ചേര്‍ന്നായിരുന്നു ആഭ്യന്തര വകുപ്പ് കുറേക്കാലമായി ഭരിച്ചിരുന്നത്.