നിവിന് പോളി പരാതിക്കാരിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി
യുവതിയുടെ പീഡന പരാതിയില്‍ നടന്‍ നിവിന്‍ പോളി നിയമപോരാട്ടത്തിലേക്ക് കടക്കുന്നു. പീഡനക്കേസില്‍ പ്രതിയാക്കിയതിനെതിരെ നിവിന്‍ പോളി ഡിജിപിക്ക് പരാതി നല്‍കി. തനിക്കെതിരായ പരാതിക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നാണ് നിവിന്റെ നിലപാട്. വ്യാജ ആരോപണമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കേസില്‍ തന്റെ പരാതി കൂടി പരിഗണിക്കണമെന്നുമാണ് ആവശ്യം.
തന്റെ പരാതി കൂടി സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിന്‍ മുന്നോട്ട് വയ്ക്കുന്നത്. മുന്‍കൂര്‍ ജാമ്യം അടക്കം തേടി കോടതിയെ സമീപിക്കുന്നത് പോലീസ് നടപടിയുടെ പുരോഗതി നോക്കിയ ശേഷം മതി എന്നാണ് നിവിന് കിട്ടിയ നിയമോപദേശമെന്നാണ് വിവരം.
കേസില്‍ പ്രതിയായതിന് പിന്നാലെ ആരോപണങ്ങളില്‍ പ്രതികരിച്ച് നിവിന്‍ പോളി വാര്‍ത്തസമ്മേളനം വിളിച്ചിരുന്നു. തനിക്കെതിരെ വ്യാജ ബലാത്സംഗ പരാതിയാണ് നല്‍കിയിരിക്കുന്നതെന്നാണ് നിവിന്‍ പോളി പറഞ്ഞത്. നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും. വ്യാജ ആരോപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്ത് കൊണ്ടു വരാനുള്ള നടപടികള്‍ സ്വീകരിക്കും. കേസില്‍ നിയമപരമായി നീങ്ങുമെന്നും നിവിന്‍ പോളി വ്യക്തമാക്കിയിരുന്നു.
പരാതി നല്‍കിയ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒന്നരമാസം മുമ്പ് ഇതുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് വിളിച്ചിരുന്നു. അന്ന് വ്യാജ പരാതിയാണെന്നും പ്രശസ്തിക്ക് വേണ്ടി ചെയ്തതാകാമെന്നുമാണ് പൊലീസ് പറഞ്ഞത്. തന്റെ ഭാഗത്ത് 100 ശതമാനം ന്യായമുണ്ടെന്നും നിവിന്‍ പോളി പറഞ്ഞിരുന്നു.
വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകല്‍ സ്വദേശിയായ യുവതിയുടെ പരാതി. നിവിന്‍ പോളിക്കൊപ്പം മറ്റു ചിലരും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. നിവിന്‍ പോളിയടക്കം ആറ് പേരാണ് പ്രതികള്‍.