കൊച്ചി: ഹേമകമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം അന്വേഷണസംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. നടപടിയെടുക്കേണ്ടത് സര്‍ക്കാരിന്റെ ബാദ്ധ്യതയാണെന്നും എന്നിട്ടും എന്തുകൊണ്ട് അനങ്ങിയില്ലെന്നും ഇതുപോലൊരു സുപ്രധാന വിഷയത്തില്‍ ഇടപെടേണ്ടത് സര്‍ക്കാരിന്റെ ചുമതലയല്ലേയെന്നും കോടതി ചോദിച്ചു.
ഇക്കാര്യത്തില്‍ ആദ്യം നടപടിയെടുക്കേണ്ടിയിരുന്നത് സര്‍ക്കാരായിരുന്നെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് കിട്ടിയിട്ടും ഒരു ചെറുവിരലെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനക്കിയോ എന്നും ചോദിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ എസ്‌ഐടിയും സര്‍ക്കാരും സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചു. ഹേമറിപ്പോര്‍ട്ട് പൂര്‍ണ്ണരൂപം അന്വേഷണസംഘത്തിന് കൈമാറണമെന്നും റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്നും അന്വേഷണ സംഘം നടപടിയെടുക്കണമെന്നും പ്രത്യേകബഞ്ച് ആവശ്യപ്പെട്ടു. ഓഡിയോ ക്ലിപ്പ് അടക്കം പൂര്‍ണ്ണമായ റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറണം.
പോക്‌സോ അടക്കം കുറ്റം ചുമത്തേണ്ട കേസുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും നടപടിയെടുക്കേണ്ടത് സര്‍ക്കാരിന്റെ ബാദ്ധ്യതയാണെന്നും സ്ത്രീകള്‍ മൈനോരിറ്റിയല്ല മജോരിറ്റിയാണെന്നും പറഞ്ഞു. രാജ്യത്തെ നിയമം സര്‍ക്കാരിനും ബാധകമാണെന്ന് പറഞ്ഞു. രാജ്യത്തെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും മാധ്യമവിചാരണ പാടില്ലെന്നും പറഞ്ഞു. ഹേമ കമ്മറ്റിയെ നിയോഗിച്ചത് സിനിമാമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനാണെന്നായിരുന്നു കോടതിയില്‍ സര്‍ക്കാരിന്റെ മറുപടി.
അന്വേഷണ സംഘം വാര്‍ത്താസമ്മേളനങ്ങള്‍ വിളിക്കരുതെന്നും റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു. മാധ്യമ വിചാരണ പാടില്ലെന്നും കോടതി വ്യക്തമാക്കി.