'വാര്‍ത്താ ആക്രമണം'; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ള്യുസിസി
കോടതി വിധി ലംഘിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പുറത്തുവരാത്ത മൊഴികള്‍ പുറത്തുവിട്ടെന്നു ആരോപിച്ചു റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ള്യുസിസി. റിപ്പോര്‍ട്ടര്‍ ടിവി നടത്തിയത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും സ്വകാര്യത മാനിക്കണമെന്ന കോടതി ഉത്തരവ് റിപ്പോര്‍ട്ടര്‍ ടിവി ലംഘിച്ചുവെന്നും പരാതിയില്‍ പറയുന്നു.
ഇപ്പോള്‍ നടക്കുന്നത് നിരുത്തരവാദ പരമായ മാധ്യമ വിചാരണയാണെന്നും വാര്‍ത്താ ആക്രമണം തടയണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഡബ്ള്യുസിസി ആവശ്യപ്പെടുന്നു. പുറത്തുവിടുന്ന വിവരങ്ങള്‍ മൊഴി കൊടുത്തവര്‍ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാന്‍ പാകത്തിലാണ് . പീഡിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂര്‍ണ്ണവും കടുത്ത മാനസീക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എന്ന അവകാശപ്പെട്ടാണ് റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത നല്‍കിയത്. കമ്മറ്റിക്ക് മുന്‍പില്‍ ഒരു പ്രമുഖ നടി പ്രമുഖ നടനെതിരെ നല്‍കിയ മൊഴിയുടെ പകര്‍പ്പ് എന്ന പറഞ്ഞുകൊണ്ട് ഞെട്ടിക്കുന്ന വാര്‍ത്ത എന്ന ടാഗില്‍ റിപ്പോര്‍ട്ടര്‍ ടിവി ഇന്ന് ‘ബിഗ് ബ്രേക്കിംഗ് നടത്തിയത്’. ഡബ്ള്യുസിസിയുടെ പരാതിക്ക് പിന്നാലെ വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി പിന്‍വലിച്ചിട്ടുണ്ട്.