'രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം നല്‍കും'; വിവാദ പരാമര്‍ശവുമായി ശിവസേന എംഎല്‍എ
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തി ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്ക്വാദ്. രാഹുലിന്റെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്നാണ് സഞ്ജയ് ഗെയ്ക്ക്വാദിന്റെ വിവാദ പ്രസ്താവന. അതേസമയം എംഎല്‍എയുടെ പരാമര്‍ശത്തെ പിന്തുണയ്ക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു.
സംവരണത്തെ കുറിച്ച് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് സഞ്ജയ് ഗെയ്ക്ക്വാദ് രംഗത്തെത്തിയത്. ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുന്നതിനെ കുറിച്ചാണ് രാഹുല്‍ പറഞ്ഞതെന്ന് ഗെയ്ക്ക്വാദ് പറഞ്ഞു. ഇത് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടി. സംവരണത്തെ എതിര്‍ക്കുന്ന അന്തര്‍ലീനമായ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നതെന്നും സഞ്ജയ് ഗെയ്ക്ക്വാദ് പറഞ്ഞു.
തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ നാവ് അരിയുന്നവര്‍ക്ക് താന്‍ 11 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന സഞ്ജയ് ഗെയ്ക്ക്വാദ് പറഞ്ഞത്. മറാത്തികള്‍, ധംഗര്‍മാര്‍, ഒബിസി വിഭാഗത്തിലുള്ളവര്‍ സംവരണത്തിനായി പോരാടുകയാണ്, എന്നാല്‍ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ചാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതെന്ന് സഞ്ജയ് ഗെയ്ക്ക്വാദ് പറഞ്ഞു. ഭരണഘടന ഉയര്‍ത്തിക്കാട്ടി ബിജെപി അത് മാറ്റുമെന്ന് വ്യാജ ആരോപണം രാഹുല്‍ ഗാന്ധി ഉന്നയിച്ചെന്നും സഞ്ജയ് ഗെയ്ക്ക്വാദ് ആരോപിച്ചു.
രാജ്യത്തെ 400 വര്‍ഷം പിന്നോട്ട് കൊണ്ടുപോകാന്‍ കോണ്‍ഗ്രസാണ് പദ്ധതിയിടുന്നതെന്നും ഗെയ്‌ക്‌വാദ് കൂട്ടിച്ചേര്‍ത്തു. അതേസമയം സഞ്ജയ് ഗെയ്ക്ക്വാദിന്റെ പരാമര്‍ശത്തെ തള്ളി മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ രംഗത്തെത്തി.