കുടുംബത്തിന്റെ അഭിവൃദ്ധിക്കായി യുവതിയെ നഗ്‌നപൂജക്ക് നിര്‍ബന്ധിച്ച സംഭവത്തില്‍ കോഴിക്കോട് ഭര്‍ത്താവടക്കം 2 പേര്‍ അറസ്റ്റില്‍. താമരശ്ശേരിയില്‍ ആണ് യുവതിയെ നഗ്‌ന പൂജക്ക് നിര്‍ബന്ധിച്ചതായി പരാതി ലഭിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയില്‍ അടിവാരം മേലെ പൊട്ടിക്കൈയില്‍ പി കെ പ്രകാശന്‍ (46), അടിവാരം വാഴയില്‍ വി ഷമീര്‍ (34) എന്നിവരെയാണ് താമരശ്ശേരി ഇന്‍സ്പെക്ടര്‍ എ സായൂജ്കുമാര്‍ അറസ്റ്റ് ചെയ്തത്.
നഗ്‌നപൂജയ്ക്ക് സമ്മതിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് മര്‍ദ്ദിച്ചു. ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. സഹിക്കാന്‍ കഴിയാതെ വന്നത്തോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. നഗ്നപൂജ നടത്താന്‍ ആവശ്യപ്പെട്ടത് ഭര്‍ത്താവിന്റെ സുഹൃത്തായ പ്രകാശനാണെന്നും ഭര്‍ത്താവിന്റെ മേല്‍ ബ്രഹ്‌മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് നഗ്നപൂജ നടത്താന്‍ ആവശ്യപ്പെട്ടതെന്നും യുവതി പറഞ്ഞു.
നഗ്നപൂജ നടത്തിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞുവെന്നും മുമ്പ് പലയിടത്തും ഇത്തരത്തില്‍ പൂജ നടത്തിയിട്ടുണ്ടെന്നും അയാള്‍ പറഞ്ഞു. തന്റെ മേല്‍ ബാധ ഉണ്ടെന്നാണ് ഇയാള്‍ ഭര്‍ത്താവിനോട് പറഞ്ഞത്. എന്നാല്‍ ഭര്‍ത്താവിന്റെ മേല്‍ ബ്രഹ്‌മരക്ഷസ് കയറിയിട്ടുണ്ടെന്നാണ് പ്രകാശന്‍ തന്നോട് പറഞ്ഞത്. ഭര്‍ത്താവിനെ രക്ഷിക്കാന്‍ തന്നോട് നഗ്‌നപൂജ നടത്താന്‍ പ്രകാശന്‍ ആവശ്യപ്പെടുകയായിരുന്നു. കേസില്‍ അറസ്റ്റിലായ ഭര്‍ത്താവും പ്രകാശനും പുറത്ത് ഇറങ്ങിയാല്‍ ഉപദ്രവിക്കുമോ എന്ന് പേടിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും യുവതി പറഞ്ഞു.
പ്രകാശന്‍ സ്വാമിയാണെന്ന് പറഞ്ഞാണ് വന്നത്. കുടുംബപ്രശ്നത്തെ തുടര്‍ന്ന് വിഷമിച്ചിരിക്കുമ്പോള്‍ ഭര്‍ത്താവിനോട് ഇയാള്‍ വീട്ടില്‍ വന്ന് നോക്കട്ടെ എന്ന് പറയുകയായിരുന്നു. സമ്മതം അറിയിച്ചപ്പോള്‍ ഉടന്‍ തന്നെ അയാള്‍ വീട്ടില്‍ വന്നു. തുടര്‍ന്ന് പാത്രത്തില്‍ മഞ്ഞപ്പൊടിയും എന്തോ പൊടിയും ചേര്‍ത്തു. തുടര്‍ന്ന് ചുവന്ന കളറായി. തുടര്‍ന്ന് തോട്ടില്‍ കൊണ്ടുപോയി ഒഴിച്ചുകളഞ്ഞു. എന്റെ ദേഹത്ത് ബാധ ഉണ്ട് അത് ഒഴിവാക്കണമെന്നാണ് അയാള്‍ ഭര്‍ത്താവിനോട് പറഞ്ഞത്. ഭര്‍ത്താവിന്റെ മേല്‍ ബ്രഹ്‌മരക്ഷസ് ഉണ്ടെന്നും അത് ഒഴിവാക്കാന്‍ ഞാന്‍ ഒറ്റയ്ക്ക് നഗ്‌നപൂജ നടത്തണമെന്നും അയാള്‍ രാത്രി മൊബൈലില്‍ വിളിച്ചാണ് പറഞ്ഞത്.'- യുവതി പറഞ്ഞു.