നടന്മാര്‍ക്കെതിരേ ആരോപണം ഉന്നയിച്ച നടി സെക്സ് മാഫിയയുടെ ആളെന്നു ബന്ധുവായ യുവതിയുടെ പരാതി
കൊച്ചി: മുകേഷ്, ജയസൂര്യ, മണിയന്‍പിള്ളരാജു, ഇടവേളബാബു ഇവര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കെതിരേ സെക്സ് മാഫിയ ബന്ധം ആരോപിച്ചു ബന്ധുവായ യുവതി. കൗമാരപ്രായത്തില്‍ തന്നെ സെക്‌സ് മാഫിയയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ ഇന്ന് തെളിവെടുപ്പ് നടക്കും. യുവതിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
പതിനാറ് വയസുള്ളപ്പോള്‍ സെക്സ് മാഫിയയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. 2014 ല്‍ താന്‍ പത്താംക്ലാസ്സ് പരീക്ഷ കഴിഞ്ഞ വെക്കേഷന്‍ കാലത്തായിരുന്നു സംഭവമെന്നും ഇവര്‍ പറയുന്നു. അമ്മയുടെ സഹോദരിയുടെ മകളാണ് ഇവരെന്നും അന്ന് അവര്‍ ചെന്നൈയിലായിരുന്നു താമസമെന്നും പറഞ്ഞു. അവധിസമയത്ത് ഇവര്‍ ചെന്നൈയിലെ വീട്ടിലേക്ക് വിളിച്ചപ്പോഴായിരുന്നു സംഭവമെന്നുമാണ് ആരോപണം.
അന്ന് അവര്‍ അഞ്ചോളം സിനിമയില്‍ അഭിനയിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കുന്നു എന്നല്ലാതെ അവരെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഒരുക്കാമെന്നും ഓഡിഷനില്‍ പങ്കെടുക്കാം എന്നൊക്കെ പറഞ്ഞ് ചെന്നൈയിലെ വീട്ടിലേക്ക് ക്ഷണിച്ചതും അവരായിരുന്നു. ചെന്നൈയില്‍ അമ്മയോടെപ്പം എത്തിയ തന്നെ പിറ്റേന്ന് തന്നെ ഓഡീഷന്‍ എന്ന് പറഞ്ഞ് ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മുറിയില്‍ അഞ്ചോളം ആളുകള്‍ ഉണ്ടായിരുന്നു.
അവരില്‍ ഒരാള്‍ തനിക്ക് ഹാന്‍ഡ് നല്‍കി മുടിയില്‍ തഴുകി. ഇതിനിടെ ബന്ധുവായ സ്ത്രീ അയാളോട് ഓകെയാണോ എന്ന് ചോദിച്ചു. അയാള്‍ ഓകെയാണെന്നും പറഞ്ഞു. കാര്യങ്ങള്‍ ശരിയല്ലെന്ന് തോന്നിയതിനാല്‍ വീട്ടില്‍ പോകണമെന്ന് പറഞ്ഞ് വാശിപിടിച്ചു. ഇതോടെ അവര്‍ ദേഷ്യപ്പെടുകയും അഡ്ജസ്റ്റ് ചെയ്താല്‍ ഭാവി സുരക്ഷിതമാകുമെന്ന് അവര്‍ പറഞ്ഞു. അതോടെ താന്‍ ബഹളംവെച്ച് ഇറങ്ങിപ്പോന്നെന്നും പറഞ്ഞു.