തൃശൂരില്‍ എടിഎം കവര്‍ച്ച: 5പേര്‍ പിടിയില്‍; ഏറ്റുമുട്ടലില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു
നാമക്കല്‍: തൃശൂരില്‍ എടിഎം കൊള്ളയടിച്ച കേസില്‍ കൊള്ളസംഘത്തിലെ 6 പേര്‍ നാമക്കലില്‍ പിടിയിലായി. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊള്ളക്കാരിലെ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാളുടെ കാലില്‍ വെടിയേറ്റു. സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. കൊള്ള സംഘത്തില്‍ 7പേരുണ്ട്. എല്ലാവരും ഹരിയാന സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്‌നാട് പോലീസ് പിന്തുടര്‍ന്നപ്പോഴാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. നടുറോഡിലായിരുന്നു പോലീസും കൊള്ളസംഘവും ഏറ്റുമുട്ടിയത്. കൊള്ളസംഘം പണം കടത്തിയത് കണ്ടെയ്‌നര്‍ ഉപയോഗിച്ച് കോയമ്പത്തൂര്‍ വഴിയായിരുന്നു. തൃശൂരില്‍ മൂന്നിടങ്ങളിലായി നടന്ന വന്‍ എടിഎം കൊള്ളയില്‍ ഇവര്‍ മോഷണത്തിന് ഉപയോഗിച്ച കാര്‍ ഉള്‍പ്പടെ കണ്ടെയ്നറില്‍ ഉണ്ടായിരുന്നു. പ്രതികളില്‍ നിന്ന് തോക്ക് അടക്കം ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍വെച്ചായിരുന്നു അന്വേഷണം. മോഷണത്തിന് ശേഷം പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് ബോധ്യമായ കേരള പോലീസ് വിവരം തമിഴ്നാട് പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് സംശയാപ്ദമായി കണ്ട എല്ലാ വാഹനങ്ങളും പോലീസ് പരിശോധിച്ചിരുന്നു.
പരിശോധനയിലാണ് കണ്ടെയ്നറും അതിനുള്ളില്‍ വെളുത്തകാറും കണ്ടെത്തിയത്. കാറിനുള്ളില്‍ നിന്ന് പണവും കണ്ടെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിച്ചത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ചയെന്നാണ് വിലയിരുത്തല്‍. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്.
മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയില്‍ നിന്ന് 25 ലക്ഷം, ഷൊര്‍ണൂരിലെ എടിഎമ്മില്‍ നിന്ന് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. സിസിടിവി ക്യാമറകളില്‍ കറുത്ത സ്‌പ്രേ ചെയ്തതിന് ശേഷമായിരുന്നു മോഷണം.