അര്‍ജുന് കണ്ണീരോടെ വിട; പ്രണാമം അര്‍പ്പിച്ച് കേരളം
കോഴിക്കോട്: അര്‍ജുന് കണ്ണീരോടെ വിട നല്‍കി കേരളം. ഗംഗാവലി പുഴ ആഴങ്ങളിലൊളിപ്പിച്ച അര്‍ജുന്റെ മൃതദേഹം വീട്ടുവളപ്പിലൊരുക്കിയ ചിതയിലായിരുന്നു സംസ്കരിച്ചത്. ശനിയാഴ്ച രാവിലെ 11.15- ഓടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചത്. വീടിനുപിന്നിലായാണ് അര്‍ജുന്റെ ചിത ഒരുക്കിയത്. 11.45-ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. സഹോദരന്‍ അഭിജിത്താണ് ചിതയ്ക്ക് തീ പകര്‍ന്നത്.
ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ 'അമരാവതി' എന്ന അര്‍ജുന്റെ വീടിനരികിലേക്ക് വിലാപയാത്ര എത്തിയത്. നിരവധി ആളുകളാണ് അര്‍ജുനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയത്. ഉള്ളുലുച്ച കാഴ്ചയാണ് കണ്ണാടിക്കലില്‍ നിന്നും കാണാനായത്.
അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ച് നിരവധി പേര്‍ വിലാപയാത്രയില്‍ പങ്കുചേര്‍ന്നു. മുദ്രാവാക്യം വിളികളോടെയാണ് അര്‍ജുനെ നാട് ഏറ്റുവാങ്ങിയത്. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമയം നല്‍കി. പിന്നീട് നാട്ടുകാര്‍ക്കും അര്‍ജുന് ആദരമര്‍പ്പിക്കാനായി പല നാടുകളില്‍ നിന്നെത്തിയവര്‍ക്കുമായി പൊതുദര്‍ശനം ഒരുക്കിയിരുന്നു.
അതിര്‍ത്തിയായ തലപ്പാടി ചെക്ക്പോസ്റ്റിലും കാസര്‍കോടും കണ്ണൂരിലും അര്‍ജുന് ജനം ആദരാഞ്ജലി അര്‍പ്പിച്ചു. കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ മന്ത്രി എകെ ശശീന്ദ്രനും കെ കെ രമ എംഎല്‍എയും ജില്ല കളക്ടര്‍ സ്നേഹില്‍ കുമാറും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പുലര്‍ച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂര്‍ നഗരം പിന്നിട്ട് ആറ് മണിയോടെ കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.
ഏഴരയ്ക്ക് പൂളാടിക്കുന്നില്‍ നിന്നുമാണ് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര തുടങ്ങിയത്. കേരള, കര്‍ണാടക പൊലീസും വിലാപയാത്രയെ അനുഗമിച്ചിരുന്നു. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്‌ലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫും ഷിരൂരിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും വിലാപയാത്രയ്‌ക്കൊപ്പമുണ്ടായിരുന്നു.
ജൂലൈ 16-നാണ് കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുനെ ലോറിയോടൊപ്പം കാണാതായത്. പലഘട്ടങ്ങളിലായി നടത്തിയ തിരിച്ചിലിനൊടുവില്‍ 71- ദിവസത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെടുക്കുന്നത്. ലോറിയുടെ കാബിനുള്ളിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.