കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് 30 വര്‍ഷമായി കിടപ്പിലായിരുന്ന പുഷ്പന്‍ അന്തരിച്ചു
കോഴിക്കോട്: കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുഷ്പന്‍(54) അന്തരിച്ചു. ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്ന പുഷ്പന്‍ കൂത്തുപറപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കഴിഞ്ഞ 30 വര്‍ഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കര്‍ഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ് പുഷ്പന്‍. നോര്‍ത്ത് മേനപ്രം എല്‍പി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ചു. സ്‌കൂളില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു. വീട്ടിലെ പ്രയാസം കാരണം പഠനം നിര്‍ത്തി ആണ്ടിപീടികയിലെ പലചരക്ക് കടയില്‍ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളില്‍ ജോലിചെയ്തു. ബംഗളൂരുവില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സമരത്തില്‍ പങ്കെടുത്തത്.
1994 -ല്‍ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. 1994 നവംബര്‍ 25-ന് തലശ്ശേരിക്കടുത്ത് കൂത്തുപറമ്പില്‍ മന്ത്രിമാരായ എംവി രാഘവന് നേരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു.പോലീസ് നടത്തിയ രണ്ട് ഘട്ടമായി നടത്തിയ വെടിവെയ്പ്പില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് കെകെ രാജീവന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി റോഷന്‍, പ്രവര്‍ത്തകരായ ഷിബുലാല്‍, മധു, ബാബു എന്നിവര്‍ മരിച്ചു വീണു. കഴുത്തിന് പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷുമ്‌ന നാഡിയിലാണ് പ്രഹരമേല്‍പ്പിച്ചത്. കഴുത്തിന് താഴേക്ക് തളര്‍ന്ന പുഷ്പന്‍ അന്ന് മുതല്‍ കിടപ്പിലായിരുന്നു പാര്‍ട്ടിയുടെ സംരക്ഷണ വലയത്തിലായിരുന്നു പിന്നിടുളള ജീവിതം.
തണ്ടോടിഞ്ഞിട്ടും വാടാതെ മൂന്ന് പതിറ്റാണ്ടോളം കാലം ചെറുത്തു നില്‍പ്പിന്‍റെ പ്രതീകമായി നിന്ന പുഷ്പന്‍ പാര്‍ട്ടിക്കാര്‍ക്ക് ആവേശം തുളുമ്പുന്ന ഓര്‍മയാണ്. ഡിവൈഎഫ്ഐ എന്ന സംഘടനയ്ക്കാകട്ടെ അഞ്ച് സഖാക്കളുടെ ജീവന്‍ ബലി നല്‍കിയ കൂത്തുപറമ്പ് സമരത്തിന്‍റെ പകരം വയ്ക്കാനില്ലാത്ത പ്രതീകവും.
എന്നാല്‍ കാലങ്ങള്‍ക്ക് ശേഷം കൂത്തുപറമ്പ് വെടിവയ്പ്പില്‍ പാര്‍ട്ടി പ്രതി സ്ഥാനത്തു നിര്‍ത്തിയ എംവിആറിനെ രണ്ടു പതിറ്റാണ്ടിനു ശേഷം രാഷ്ട്രീയ ആലിംഗനം ചെയ്യുന്നതും കേരളം കണ്ടു. എംവിആറിന്റെ് മകന് നിയമസഭാ സീറ്റും പിന്നീട് പാര്‍ട്ടി പദവിയും നല്‍കി. ഏറ്റവും ഒടുവില്‍ സ്വാശ്രയ കോളേജ് വിഷയത്തില്‍ പാര്‍ട്ടി പിന്നോക്കം പോയതും വിദേശ സര്‍വ്വകാലാശാലകള്‍ക്കുവരെ കേരളത്തില്‍ ചുവപ്പു പരവതാനി വിരിച്ചതും കണ്ടു. ഈ വിഷയത്തില്‍ പുഷ്പനെ സിപിഎം ചതിക്കുകയായിരുന്നു എന്നാണു വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്.