നെഹ്റു ട്രോഫി വള്ളംകളിയില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കപ്പ് സ്വന്തമാക്കി കാരിച്ചാല്‍ ചുണ്ടന്‍. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാല്‍ ചുണ്ടന്‍ വീണ്ടും കപ്പ് സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് അവസാന ടീമുകള്‍ തമ്മില്‍ നടന്നത്. അതേസമയം അഞ്ചു വര്‍ഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറി ചരിത്രം കുറിച്ചിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്.
മത്സരം വയനാട് ദുരന്തത്തെ തുടര്‍ന്ന് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരമാണ് ഇന്ന് നടന്നത്. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളി മത്സരം ഒന്നര മാസത്തോളം വൈകിയാണ് നടത്തിയത്. 19 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെയാണ് നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായത്.
3.24ഓടെയാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിച്ചത്. വൈകിട്ടാണ് ജലരാജക്കന്മാരെ കണ്ടെത്താനുള്ള ഫൈനല്‍ മത്സരം ആരംഭിച്ചത്. അഞ്ച് ഹീറ്റ്സ് മത്സരങ്ങളിലായി 19ചുണ്ടന്‍ വള്ളങ്ങളാണ് മാറ്റുരച്ചത്. ഹീറ്റ്സ് മത്സരത്തില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്ത നാലു ടീമുകളാണ് ഫൈനലിന് യോഗ്യത നേടിയത്. കാരിച്ചാല്‍ (4:14:35),വിയപുരം (4:22:58), നിരണം (4:23:00),നടുഭാഗം (4:23:31) എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ മത്സരിച്ചത്.