തിരുവനന്തപുരം: ഒടുക്കം തൃശൂര്‍പൂരം കലക്കിയത് തന്നെയെന്ന് സമ്മതിച്ചു മുഖ്യമന്ത്രി. എന്നാല്‍ പ്രതിപക്ഷം പറയുന്നതുപോലെ സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും ബന്ധമില്ലെന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. തൃശൂര്‍പൂരം കലക്കല്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സാമൂഹികാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമായിരുന്നെന്ന് മുഖ്യമന്ത്രി പറയുന്നു. സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ട് നടപടിയെടുക്കുകയും പരിഹരിച്ച് മുമ്പോട്ട് പോകുകയും ചെയ്തതായി വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹംപറഞ്ഞു. കുറ്റമറ്റ രീതിയില്‍ തൃശൂര്‍പൂരം നടത്താനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ അവസാന ഘട്ടത്തില്‍ പ്രശ്‌നമുണ്ടായി.
പൂരവുമായി ബന്ധപ്പെട്ട് തുടക്കത്തിലെ വിവാദം തറവാടക സംബന്ധിച്ച് പ്രശ്‌നങ്ങളായിരുന്നു. രണ്ടാമത് ആനകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായി. സര്‍ക്കാര്‍ ഇതെല്ലാം ഗൗരവത്തോടെ കണ്ട് നടപടിയെടുത്തു പരിഹരിച്ച് മുമ്പോട്ട് പോയി. തൃശൂര്‍പൂരം അട്ടിമറിക്കാനുള്ള ശ്രമം ഒരു ആഘോഷം തകര്‍ക്കാന്‍ മാത്രമായിരുന്നില്ല സാമൂഹികാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ആസൂത്രിതമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് എഡിജിപി സമര്‍പ്പിച്ച നിലവിലെ അന്വേഷണറിപ്പോര്‍ട്ട് സമഗ്രമല്ല. വിശദമായി അന്വേഷിച്ച് നടപടിയെടുക്കേണ്ടതുണ്ട്. പൂരംകലക്കലില്‍ മൂന്ന് തലത്തിലുള്ള വിശദ അന്വേഷണം നടക്കും. ഇക്കാര്യത്തില്‍ എഡിജിപിയുടെ അന്വേഷണറിപ്പോര്‍ട്ട് സമഗ്രമല്ല. പൂരം കലക്കലില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ ഭാഗത്ത് ഉണ്ടായത് വന്‍ വീഴ്ചയാണ്. അജിത്കുമാറിന്റെ വീഴ്ച ഡിജിപി അന്വേഷിക്കും.
ഗൂഡാലോചന ക്രൈംബ്രാഞ്ച് എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും. ഉദ്യോഗസ്ഥ വീഴ്ച ഇന്റലിജന്റ്‌സ് എഡിജിപി അന്വേഷിക്കും. എഡിജിപിയെ തല്‍ക്കാലം ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റില്ല. എഡിജിപിയ്ക്ക് എതിരായ നടപടി അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമായിരിക്കും എടുക്കുക. അതിനൊപ്പം വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും. അര്‍ജുന്റെ കുടുംബത്തിന് ഏഴുലക്ഷം രൂപ ധനസഹായം നല്‍കാനും തീരുമാനം എടുത്തതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.