ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അന്വേഷണ സംഘത്തിന് കത്തയച്ചു സിദ്ദിഖ്; തന്ത്രപരമായ നീക്കം
ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് നടന്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്തയച്ചു. നേരിട്ട് ഹാജരാകാമെന്ന് അറിയിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് സിദ്ദിഖ് കത്തയക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്ഐടി നോട്ടീസ് അയക്കാത്ത സാഹചര്യത്തിലാണ് നടന്റെ നീക്കം.
നടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഈ മാസം 22ന് സുപ്രീംകോടതി വിശദ വാദം കേള്‍ക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഇ മെയില്‍ വഴി അറിയിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും എന്നതായിരുന്നു സിദ്ദിഖിന്റെ നിലപാട്. ഇപ്പോള്‍ അത് ഔദ്യോഗികമായി രേഖാമൂലം എസ്‌ഐടിഎയെ നടന്‍ അറിയിച്ചിരിക്കുകയാണ്. കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണ് സിദ്ദിഖിന്റെ അഭിഭാഷകരുടെ തന്ത്രപരമായ നീക്കം.
സുപ്രീംകോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതിനാല്‍ നോട്ടീസ് നല്‍കുന്നതില്‍ പൊലീസ് തീരുമാനമെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹാജരാകാന്‍ തയാറാണെന്ന് സിദ്ദിഖ് തന്നെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സിദ്ദിഖിനെ അടുത്തായാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘത്തിനും നടനും ഒരുപോലെ പ്രധാനമാണ്. സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ഇരുകൂട്ടരും എന്തു നിലപാട് സ്വീകരിക്കുന്നു എന്നത് ചോദ്യം ചെയ്യലിന്റെ കൂടി അടിസ്ഥാനത്തിലാവും.