ജര്‍മനിയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി നാട്ടില്‍ വിവരം ലഭിച്ചു. മാവേലിക്കര മറ്റം വടക്ക് പൊന്നോലയില്‍ ആദം ജോസഫ് കാവുംമുഖത്തിനെ (ബിജുമോന്‍ -30) ആണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ബര്‍ലിന്‍ ആര്‍ഡേന്‍ യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ഥിയായിരുന്നു.
കൊലയാളി ആഫ്രിക്കന്‍ വംശജനാണന്നു സൂചനയുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. പത്തനംതിട്ട ആറാട്ടുപുഴ കാവുംമുഖത്ത് പരേതനായ ജോസഫിന്റെയും ലില്ലിയുടെയും മകനാണ്. ആദമിന് ഒരു വയസ്സുള്ളപ്പോള്‍ തന്നെ പിതാവ് മരിച്ചിരുന്നു. പിന്നീട് മാവേലിക്കരയില്‍ മാതൃസഹോദരിക്കൊപ്പമാണ് വളര്‍ന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 30 മുതല്‍ ആദമിനെ കാണാതായിരുന്നു എന്നാണ് നാട്ടില്‍ ലഭിച്ച വിവരം.
ബര്‍ലിന്‍, റെയ്നിക്കെന്‍ഡോര്‍ഫിലാണ് ആദം താമസിച്ചിരുന്നത്. ആദത്തിനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് മരിച്ചവിവരം പുറത്തുവരുന്നത്. സംഭവത്തില്‍ ബര്‍ലിനിലെ വിദ്യാര്‍ഥി സമൂഹം ഞെട്ടലിലും ദുഃഖത്തിലുമാണ്. പ്രതിയെന്നു കരുതുന്ന 28 കാരന്‍ ഇപ്പോള്‍ കസ്ററഡിയിലാണ്. കത്തികൊണ്ട് മുറിവേറ്റാണ് യുവാവ് മരിച്ചതെന്ന് പോസ്ററ്മോര്‍ട്ടത്തില്‍ കണ്ടെത്തി.