യൂട്യൂബ് ചാനലിലൂടെ തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ സ്വാസിക, ബീന ആന്റണി, ഭര്‍ത്താവ് മനോജ് നായര്‍ എന്നിവര്‍ക്കെതിരെ പരാതി. നെടുമ്പാശ്ശേരി പൊലീസ് ആണ് കേസ് എടുത്തത്. ബീന ആന്റണി ഒന്നാം പ്രതിയും, ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്.
താന്‍ പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമര്‍ശം നടത്തി എന്നാണ് നടിയുടെ പരാതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാരോപണ പരാതിയുമായി നടി നേരത്തെ രംഗത്തെത്തിയിരുന്നു.
നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ജാഫര്‍ ഇടുക്കി, സംവിധായകനും നടനുമായ ബലചന്ദ്ര മേനോന്‍ എന്നിവര്‍ക്കെതിരെയായിരുന്നു നടിയുടെ പരാതി. ഇവരുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.
ഇതിനിടെ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചുവെന്നും ഫോണില്‍ വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്തുവെന്നും ആരോപിച്ച് നടിക്കെതിരെ ബാലചന്ദ്ര മേനോന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ നടിക്കെതിരെയും കേസ് എടുത്തിരുന്നു. ഇതിനുപുറമെ നടിക്കെതിരെ ബന്ധുവായ യുവതി പോക്സോ കേസും കൊടുത്തിട്ടുണ്ട്.