പരസ്യവിചാരണയും തെമ്മാടിത്തരവും; നവീന്റെ ജീവന് ഉത്തരം കിട്ടിയേ തീരൂ
താന്‍പോരിമയും അധികാര ഹുങ്കും ബാധിച്ച കേരളത്തിലെ സിപിഎം നേതാക്കള്‍ മറ്റുള്ളവര്‍ക്ക് എത്രമാത്രം ഉപദ്രവമുണ്ടാക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരില്‍ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബു. യാതൊരുവിധ തെളിവുകളും ഇല്ലാതെ, പൊതുമധ്യത്തില്‍ വെച്ചാണ് എഡിഎമ്മിനെതിരെ പിപി ദിവ്യ എന്ന സിപിഎമ്മില്‍ നിന്നുള്ള കണ്ണൂര്‍ ജില്ലാപഞ്ചായത്തു പ്രസിഡന്റ് ആക്ഷേപങ്ങള്‍ ഉന്നയിച്ചത്. അതും എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തില്‍ ക്ഷണിക്കപ്പെടാത്ത വലിഞ്ഞു കയറിച്ചെന്ന്. ദിവ്യ നടത്തിയത് പരസ്യ വിചാരണയും തെമ്മാടിത്തരവുമാണ്. ഒരു മനുഷ്യനെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വച്ച് ക്രൂരമായി അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു.
യാത്രയയപ്പ് സമ്മേളനത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തിലാണ് ദിവ്യ മരിച്ച നവീന്‍ ബാബുവിനെതിരെ ആക്ഷേപം ചൊരിഞ്ഞത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ എഡിഎം വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പിപി ദിവ്യ ആരോപിച്ചത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു. ഇതെല്ലാം കേട്ട് വേദിയില്‍ മനസ് തകര്‍ന്നിരിക്കുകയായിരുന്നു നവീന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരോപണം ഉന്നയിച്ച് മണിക്കൂറുകള്‍ക്കകം ആയിരുന്നു എഡിഎമ്മിന്റെ മരണം. കണ്ണൂരില്‍ നിന്ന് സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയില്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു നവീന്‍ ബാബു.
നവീന്‍ ബാബുവിനെ താമസിക്കുന്ന സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കണ്ണൂരില്‍ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ഇന്ന് രാവിലത്തെ ട്രെയിനില്‍ കയറിയില്ലെന്ന് കണ്ട് ബന്ധുക്കള്‍ കണ്ണൂരില്‍ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
യാത്രയയപ്പ് സമ്മേളനത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനായിരുന്നു ഉദ്ഘാടകന്‍. ഇതിനിടെ ക്ഷണിക്കപ്പെടാത്ത അതിഥിയായി കയറി വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അകാരണമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് കളക്ടറേറ്റില്‍ എ.ഡി.എമ്മിന് യാത്രയയപ്പ് നല്‍കിയത്. വഴിയെപോകുന്നതിനിടെയാണ് ഇത്തരമൊരു ചടങ്ങ് നടക്കുന്നത് അറിഞ്ഞതെന്ന ആമുഖത്തോടെയാണ് പി.പി. ദിവ്യ പ്രസംഗം തുടങ്ങിയത്. ചെങ്ങളായിയില്‍ തുടങ്ങാനിരിക്കുന്ന പെട്രോള്‍ പമ്പിന് എ.ഡി.എം. എതിര്‍പ്പില്ലാരേഖ നല്‍കിയതെങ്ങനെയെന്ന് തനിക്ക് അറിയാമെന്നും അതിന്റെ വിശദാംശങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ പുറത്തുവരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുറന്നടിച്ചു.
എ.ഡി.എമ്മിനെ പുകഴ്ത്തി മറ്റ് അതിഥികള്‍ സംസാരിക്കുന്നതിനിടയിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലേക്ക് കടന്നുവന്നത്. കണ്ണൂരില്‍ നടത്തിയതുപോലെയുള്ള സഹായം പുതുതായി പോകുന്ന സ്ഥലത്ത് എ.ഡി.എം. നടത്തരുത്. ഇത്തരത്തിലുള്ള ഒരു വ്യക്തിക്ക് ഉപഹാരം നല്‍കാന്‍ നില്‍ക്കുന്നത് ശരിയല്ലെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് ഇറങ്ങിപ്പോകുന്നത് എന്ന് പറഞ്ഞാണ് പി.പി. ദിവ്യ ഇറങ്ങിപ്പോയത്. ഈ സമയമത്രയും കളക്ടര്‍ മൂക്കും തിരുമ്മി പഞ്ചപുച്ഛമടക്കി തൊട്ടടുത്തു ഇരിക്കുകയായിരുന്നു. നവീന്‍ ബാബു ഹൃദയം തകര്‍ന്നു അതിനടുത്ത സീറ്റിലുണ്ടായിരുന്നു.
സമീപകാലത്താണ് എംവി ഗോവിന്ദന്റെ ഭാര്യ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമള ആരോപണവിധേയയായ പ്രവാസി സംരംഭകന്റെ മരണം ഉണ്ടായത്. 48 വയസുള്ള പാറയില്‍ സാജന്റെ മരണത്തിനു പിന്നില്‍ നഗരസഭാ ശ്യാമളയുടെയും കൂട്ടരുടെയും പീഡനമാണ് കാരണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു സാജന്റെ കുടുംബം. 15 കോടി മുടക്കിയ സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാതെ നഗരസഭ വൈകിപ്പിക്കുവായിരുന്നു. അവിടെയും പാര്‍ട്ടിയുടെയും അധികാരത്തിന്റെയും ഹുങ്കാണ് പുറത്തുവന്നത്.