ന്യൂഡല്‍ഹി: പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബര്‍ 13ന് വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പമാണ് കേരളത്തിലെ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചത്.
മഹാരാഷ്ട്രയില്‍ നവംബര്‍ 20ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ ആദ്യ ഘട്ടം നവംബര്‍ 13നും രണ്ടാം ഘട്ടം നവംബര്‍ 20നും നടക്കും. എല്ലാ വോട്ടെടുപ്പിന്റെയും ഫലം നവംബര്‍ 23ന് പുറത്തുവരും.
രാഹുല്‍ഗാന്ധി സീറ്റ് ഒഴിഞ്ഞതോടെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പാലക്കാട്ട് കോണ്‍ഗ്രസിലെ ഷാഫി പറമ്പിലും ചേലക്കരയില്‍ സിപിഎമ്മിലെ കെ രാധാകൃഷ്ണനും എംപിമാരായതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. വയനാടും പാലക്കാടും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്.
നിലവിലെ സീറ്റ് നിലനിറുത്താനും മറ്റുള്ളവ പിടിച്ചെടുക്കാനുമുള്ള തന്ത്രങ്ങളാകും എല്‍.ഡി.എഫും യു.ഡി.എഫും പയറ്റുക. മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി 'തൃശൂര്‍ മോഡല്‍' വിജയത്തിനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
വയനാട്ടില്‍ പ്രിയങ്കാഗാന്ധി സ്ഥാനാര്‍ത്ഥിയാകുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. എല്‍ഡിഎഫില്‍ സിപിഐയ്ക്കു തന്നെയാണ് സീറ്റ്.