'പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റേത്, പരാതിക്കാരന്‍ ബിനാമി'; പി.പി ദിവ്യക്കെതിരെ ഗുരുതര ആരോപണം
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്സ്. എന്‍ഒസിക്ക് അപേക്ഷ നല്‍കിയ പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റെതാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. പരാതിക്കാരന്‍ പ്രശാന്തന്‍ ബിനാമി മാത്രമാണെന്നും കോണ്‍ഗ്രസ്സ് ആരോപിച്ചു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. വിഷയം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു റവന്യൂ വകുപ്പ് ജീവനക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി അവധിയെടുത്ത് പ്രതിഷേധിക്കുന്നുണ്ട് . ദിവ്യ, പ്രശാന്ത് എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പത്തനംതിട്ട മലയാലപ്പുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ ആചരിക്കുക. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ റവന്യൂ വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതില്‍ കൈക്കൂലി സംബന്ധിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്.
അതിനിടെ, മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഈ മാസം 10ന് അയച്ചതായി അവകാശപ്പെടുന്ന പരാതിയുടെ പകര്‍പ്പ് പരാതിക്കാരനായ ടിവി പ്രശാന്തന്‍ മാധ്യമങ്ങള്‍ക്ക് ഇന്നലെ കൈമാറിയിരുന്നു. എന്നാല്‍ എഡിഎമ്മിന്റെ മരണവിവരം അറിഞ്ഞ ശേഷം തട്ടിക്കൂട്ടി പരാതി ഉണ്ടാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയതാണെന്നാണ് പ്രതിപക്ഷ സംഘടനകള്‍ ഉള്‍പ്പെടെ ആരോപിക്കുന്നത്. അതിന് കാരണം പലതാണ്.
ഒന്നാമതായി പരാതി അയച്ചതിന്റെ നമ്പറോ പരാതി സ്വീകരിച്ചതായുള്ള രേഖകളോ പരാതിക്കാരന്റെ പക്കല്‍ ഇല്ലായിരുന്നു. ഇതൊന്നും കൈവശം ഇല്ലെന്ന് പരാതിക്കാരന്‍ തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു പരാതി അയയ്ക്കുന്നവര്‍ സിഎംഒ പോര്‍ട്ടലിലേക്കാണ് വിവരങ്ങള്‍ നല്‍കാറുള്ളത്. അയച്ച ഉടന്‍ പരാതി ലഭിച്ചതായി കാണിച്ച് ഡോക്കറ്റ് നമ്പര്‍ ഉള്‍പ്പെടെയുള്ള മറുപടി ഇ-മെയിലില്‍ ലഭിക്കും. പരിയാരം ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാരനും സിപിഎം സര്‍വീസ് സംഘടന അംഗവുമായ പരതിക്കാരനായ പ്രശാന്തന് സിഎംഒ പോര്‍ട്ടലിനെക്കുറിച്ച് അറിയില്ലേ എന്നതും ചോദ്യമാണ്.
സര്‍ക്കാര്‍ ജീവനക്കാരനായ ഒരാള്‍ക്ക് എങ്ങനെ സംരംഭം തുടങ്ങാന്‍ സാധിക്കുമെന്നാണു മറ്റൊരു ചോദ്യം. കൈക്കൂലി നല്‍കിയെന്നു സ്വയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നും എന്‍ജിഒ അസോസിയേഷന്‍ ആവശ്യപ്പെടുന്നു.
പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിഷ്യനായ ഒരാള്‍ക്ക് എങ്ങനെ ഇത്രയേറെ തുക മുടക്കി പെട്രോള്‍ പമ്പ് തുടങ്ങാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയിക്കുമ്പോള്‍ തന്നെ എഡിഎം വിളിച്ചപ്പോള്‍ 6ന് ക്വാര്‍ട്ടേഴ്സിലെത്തി 98,500 രൂപ കൈക്കൂലി നല്‍കിയെന്നു പറയുന്നതിലും ദുരൂഹത ആരോപിക്കുന്നുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം സംഭവത്തില്‍ കണ്ണൂര്‍ കളക്ടര്‍ റവന്യൂ മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും ഡിഎം കൈക്കൂലി വാങ്ങി എന്ന പരാതി റവന്യൂ വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് പറയുന്നുണ്ട്.