കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസ് എടുത്തു. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
യാത്രയയപ്പ് സമ്മേളനത്തില്‍ പി പി ദിവ്യ അഴിമതി ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. കണ്ണൂര്‍ എഡിഎം ആയ നവീന്‍ ബാബുവിന് ഇന്നലെ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു. യാത്രയയപ്പ് സമ്മേളനത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തിലായിരുന്നു ദിവ്യ ആരോപണം നടത്തിയത്. യാതൊരുവിധ തെളിവുകളും ഇല്ലാതെ പൊതുമധ്യത്തില്‍ വെച്ചായിരുന്നു എഡിഎമ്മിനെതിരെയുള്ള ആക്ഷേപങ്ങള്‍.
ചെങ്ങളായിലെ പെട്രോള്‍ പമ്പിന് വൈകി എന്‍ഒസി നല്‍കാന്‍ എഡിഎം വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പിപി ദിവ്യ ആരോപിച്ചത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്നും ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരോപണം ഉന്നയിച്ച തൊട്ടടുത്ത ദിവസമാണ് എഡിഎമ്മിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.