കന്നിയങ്കത്തിനായി ചുരം കയറി പ്രിയങ്ക വയനാട്ടിലേക്ക്, കൂട്ടായി രാഹുലും
ഏറെക്കാലമായി രാജ്യത്തെ ജനം കാത്തിരുന്ന ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അതും ലോക്സഭയിലേയ്ക്ക് പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് വയനാട് മണ്ഡലത്തിലൂടെയാണ്. 22നോ 23നോ മണ്ഡലത്തിലെത്തി പ്രിയങ്ക തിരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയങ്കയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും മറ്റു കുടുംബാംഗങ്ങളുമുണ്ടാകും. 25ന് മുമ്പ് നാമനിര്‍ദ്ദേശ പത്രികയും സമര്‍പ്പിക്കും.
മുഴുവന്‍ മണ്ഡലങ്ങളിലും റോഡ് ഷോ ഉള്‍പ്പടെയുള്ള പരിപാടികള്‍ തയ്യാറാക്കുന്നുണ്ട്. തുടക്കത്തില്‍ ഏഴ് ദിവസം വയനാട്ടിലെ പ്രചാരണ പരിപാടികള്‍ക്കായി പ്രിയങ്കാ ഗാന്ധി മാറ്റിവെക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിച്ച ഉടന്‍ തന്നെ മണ്ഡലത്തില്‍ യുഡിഎഫ് ക്യാമ്പ് പ്രചാരണത്തിന് തുടക്കമിട്ടിട്ടുണ്ട്.
വയനാട്ടിലെ ചുവരെഴുത്തുകളിലും പോസ്റ്ററുകളിലും പ്രിയങ്കാ ഗാന്ധി നിറഞ്ഞുകഴിഞ്ഞു. ഓരോ മണ്ഡലത്തിലും മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കിയാണ് പ്രചാരണം. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തേണ്ടതിനാല്‍ ഇതു കൂടി പരിഗണിച്ചാവും വയനാട്ടിലെ പ്രചാരണത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കുക.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ച രണ്ട് തവണയും പ്രചാരണത്തിനായി അധിക സമയം വയനാട്ടില്‍ ചെലവഴിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും പ്രിയങ്ക സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ ഈ സാഹചര്യത്തില്‍ മാറ്റം വരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. നേരത്തെ വയനാട് ദുരന്തം ഉണ്ടായപ്പോള്‍ രാഹുലിനൊപ്പം പ്രിയങ്ക സന്ദര്‍ശനം നടത്തിയിരുന്നു.