കണ്ണൂര്‍ കലക്ടര്‍ സംശയ നിഴലില്‍; അനുശോചന കത്ത് സ്വീകരിക്കാതെ നവീന്റെ കുടുംബം
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്‌ടര്‍ അരുണ്‍ കെ വിജയനെതിരെ ആരോപണം ശക്തം.ബിജെപിയും സിപിഎം പത്തനംതിട്ട നേതാക്കളും കണ്ണൂര്‍ കലക്ടര്‍ക്കെതിരെ രംഗത്തുവന്നു. സംഭവത്തില്‍ കളക്‌ടറാണ് ഒന്നാം പ്രതിയെന്നും രണ്ടാം പ്രതി മാത്രമാണ് ദിവ്യയെന്നും ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആരോപിച്ചു. ദിവ്യയ്ക്ക് അരുണിന്റെ എല്ലാ സഹായവും ലഭിച്ചിട്ടുണ്ട്. ദിവ്യ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ കളക്‌ടറുടെ ശരീരഭാഷയില്‍ നിന്ന് തന്നെ അത് വ്യക്തമാണെന്നും ഹരിദാസ് പറഞ്ഞു. കളക്‌ടറെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കളക്‌ടറുടെ ഫോണ്‍കോള്‍ പരിശോധിക്കണം എന്നും ആവശ്യമുണ്ട്. ആദ്യം ഉച്ചയ്ക്ക് വച്ചിരുന്ന യോഗം വൈകിട്ടത്തേക്ക് മാറ്റിയത് ദിവ്യയുടെ സൗകര്യാര്‍ത്ഥമാണ്. യാത്രഅയപ്പിന് ശേഷം രാത്രി എട്ട് മണിക്കുള്ള ട്രെയിനില്‍ മടങ്ങിപ്പോകേണ്ട നവീന്‍ ബോബു മുനീശ്വരന്‍ കോവിലിനടുത്തുവരെ ഡിപ്പാര്‍ട്ട്മെന്റ് വാഹനത്തിലാണ് വന്നത്. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ യാത്ര എങ്ങോട്ടായിരുന്നുവെന്നൊക്കെ അന്വേഷിക്കേണ്ടതാണ്. നവീനിന്റെ മരണത്തില്‍ വളരെയധികം ദുരൂഹതയുണ്ട്.
കേരള പൊലീസ് പി.പി ദിവ്യയെ സംരക്ഷിക്കുകയാണ്. അതുകൊണ്ട് തന്നെ അവര്‍ അന്വേഷിച്ചാല്‍ കേസ് തെളിയില്ല. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ വേണ്ടി അന്വേഷണം നീട്ടികൊണ്ടുപോവുകയാണ്. എന്തുകൊണ്ടാണ് ദിവ്യയെ അറസ്‌റ്റ് ചെയ്യാത്തതെന്നും, വിഷം പുരണ്ട സംസാരം നടത്തിയിട്ടുള്ള ദിവ്യയെ പാര്‍ട്ടിയിര്‍ നിന്ന് സിപിഎം പുറത്താക്കുകയാണ് വേണ്ടതെന്നും ഹരിദാസ് ആവശ്യപ്പെട്ടു.
അതിനിടെ, പിപി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ക്ഷണിക്കാതെയാണ് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് എന്ന വാദം തെറ്റാണെന്ന് പറയുന്നു. ചടങ്ങില്‍ തന്നെ ക്ഷണിച്ചത് കളക്ടര്‍ ആണെന്നാണ് വാദം. യാത്രയയപ്പ് ദിവസം രാവിലെ ഒരു ഔദ്യോഗിക പരിപാടിയില്‍ വച്ച് കലക്ടര്‍ ആണ് തന്നെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചത്. മൂന്നുമണിക്ക് ആയിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഔദ്യോഗിക പരിപാടികളുടെ തിരക്കിലായതിനാല്‍ ആണ് കൃത്യസമയത്ത് എത്താതിരുന്നത്. യോഗത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കലക്ടറാണെന്നും വ്യക്തമാക്കുന്നു.
അതേസമയം, അനുശോചനം അറിയിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ അയച്ച കത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് നവീന്‍ ബാബുവിന്റെ കുടുംബം പറഞ്ഞു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഇക്കാര്യം തങ്ങളെ അറിയിച്ചതായി സി.പി.ഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി. അഖില്‍ പറഞ്ഞു.
കത്തില്‍ വിഷയങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ല. കളക്ടറുടെ വ്യക്തിപരമായ അനുഭവങ്ങള്‍ സൂചിപ്പിച്ചു എന്നല്ലാതെ മറ്റൊന്നുമില്ല. കത്തിനെ ഗൗരവമായി കാണുന്നില്ല. ഓണ്‍ലൈന്‍ ചാനലിനെ വിളിച്ച് ഇത്തരത്തില്‍ പരിപാടി നടത്തിയതില്‍ കളക്ടര്‍ ഇടപെട്ടില്ല. ഇടപെടാമായിരുന്നിട്ടും ഇടപെട്ടില്ലെന്നും കത്തിനെ ഗൗരവമായി കാണുന്നില്ലെന്നും മഞ്ജുഷ അറിയിച്ചതായി അഖില്‍ വ്യക്തമാക്കി. കേസില്‍ നിയമസഹായം ആവശ്യമാണെന്ന് നവീന്റെ കുടുംബം ആവശ്യപ്പെട്ടതായും അഖില്‍ പറഞ്ഞു.
നവീന്റെ അന്ത്യകര്‍മങ്ങള്‍ കഴിയുന്നതു വരെ താന്‍ പത്തനംതിട്ടയിലുണ്ടായിരുന്നുവെന്നും നേരില്‍ വന്നു നില്‍ക്കണമെന്നു കരുതിയെങ്കിലും സാധിച്ചില്ലെന്നുമാണ് കത്തില്‍ പറഞ്ഞത്. നവീന്റെ മരണം നല്‍കിയ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇന്നലെ വരെ തന്റെ തോളോടു തോള്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് നവീന്‍. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ച വ്യക്തിയായിരുന്നു എട്ടു മാസത്തോളമായി തനിക്കറിയാവുന്ന നവീന്‍ എന്നും കുടുംബത്തിന് നല്‍കിയ കത്തില്‍ അരുണ്‍ കെ. വിജയന്‍ പറഞ്ഞു.
നവീനെ അധിക്ഷേപിച്ച് ദിവ്യ സംസാരിച്ചപ്പോള്‍ കളക്ടര്‍ തലകുനിച്ച് ഇരിക്കുകയായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലടക്കം കണ്ണൂര്‍ കളക്ടറുടെ സമീപനത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മാപ്പപേക്ഷ.