നവീന്‍ ബാബുവിന്റെ മരണം: അന്വേഷണ ചുമതലയില്‍ നിന്ന് കളക്ടറെ മാറ്റി
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട തുടരന്വേഷണ ചുമതലയില്‍ നിന്ന് കളക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റി. അന്വേഷണ ചുമതല ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐ എ എസിന് കൈമാറി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
സംഭവത്തില്‍ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോര്‍ട്ട് കളക്ടര്‍ നല്‍കിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ കളക്ടര്‍ക്ക് എതിരെ നവീന്റെ കുടുംബത്തില്‍ നിന്നടക്കം ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് അന്വേഷണചുമതല എ ഗീതക്ക് കൈമാറിയത്.
അതേസമയം ദിവ്യ യാത്രയയപ്പ് സമ്മേളനത്തില്‍ വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുന്നതും കളക്ടര്‍ നേരത്തെ അറിഞ്ഞിരുന്നു എന്ന ആരോപണവും ശക്തമാവുകയാണ്. കലക്ടറുടെ ഫോണ്‍ വിളി രേഖകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിച്ചേക്കുമെന്നാണ് സൂചന.
അതിനിടെ, പി.പി ദിവ്യയെ താന്‍ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്‍ സൂചിപ്പിച്ചു. കണ്ണൂരില്‍ല്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താനല്ല പരിപാടിയുടെ സംഘാടകനെന്നും അതിനാല്‍ ആരെയും ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവീന്‍ ബാബുവിന്റെ കുടുംബത്തിന് കത്തയച്ചത് ഒരു കുറ്റസമ്മതമല്ലെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അറിയിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.