പ്രശാന്തിനെ ജോലിയില്‍ നിന്നും പുറത്താക്കും; നിയമോപദേശം തേടിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: എഡിഎം മരണമടഞ്ഞ സംഭവത്തില്‍ വിവാദനായകന്‍ പ്രശാന്തിന് ജോലി പോകുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്. പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്നും നീക്കുമെന്നും ഇക്കാര്യത്തില്‍ നിയമോപദേശം തേടിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ പ്രശാന്തിനെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും പറഞ്ഞു.
സംഭവം ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ട് അന്വേഷിക്കുമെന്നും പറഞ്ഞു. യഥാര്‍ത്ഥത്തില്‍ പെട്രോള്‍ പമ്പിന്റെ അപേക്ഷകന്‍ പ്രശാന്ത് തന്നെയാണോ എന്ന് അറിയില്ലെന്നും പറഞ്ഞു. പ്രശാന്തിന് എതിരായ പരാതിയില്‍ ആരോഗ്യവകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആണ് നിര്‍ദേശം നല്‍കിയത്.
സര്‍വീസ് ചട്ടം ലംഘിച്ചോ എന്നതില്‍ റിപ്പോര്‍ട്ട് നല്‍കും. ജോലിയിലിരിക്കെ പെട്രോള്‍ പമ്പ് തുടങ്ങുന്നതില്‍ ചട്ടലംഘനമുണ്ടോ എന്നതായിരുന്നു ആരോപണ വിഷയം. നവീന്‍ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തോട് നീതികാട്ടുമെന്നും മന്ത്രി പറഞ്ഞു. സംഭവം മുഖ്യമന്ത്രിയുമായി നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതായും വീണാജോര്‍ജ്ജ് പറഞ്ഞു.
അതിനിടയില്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി ധൃതിയില്‍ തയ്യാറാക്കിയതാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. പരാതിക്ക് പിന്നില്‍ പ്രശാന്തിന്റെ ബന്ധുവാണോ എന്നതുള്‍പ്പെടെയുള്ള സംശയങ്ങളാണ് ഉയരുന്നത്. പരാതിയിലും പെട്രോള്‍ പമ്പിനായി നല്‍കിയിരിക്കുന്ന അപേക്ഷയിലും പ്രശാന്തിന്റെ രണ്ട് ഒപ്പും രണ്ട് പേരുകളുമാണെന്ന് നേരത്തേ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.
എഡിഎം നവീന്‍ ബാബു ജീവനൊടുക്കി ഒരാഴ്ച്ച പിന്നിട്ടിട്ടും പ്രതി ചേര്‍ത്ത സിപിഎം നേതാവ് പി പി ദിവ്യയെ ചോദ്യം ചെയ്യാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്.