എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണം കൊള്ളയടിച്ച സംഭവം നാടകം; കള്ളന്‍ കപ്പലില്‍ തന്നെ
കോഴിക്കോട്: എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ പോകവെ മുളകുപൊടിയെറിഞ്ഞു കവര്‍ച്ച നടന്നെന്ന പരാതിയിലെ സംഭവം തട്ടിപ്പ്. പരാതിക്കാരന്‍ തന്നെയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പരാതിക്കാരനും സുഹൃത്തും പൊലീസിന്റെ പിടിയിലായി നടന്നത് നാടകമായിരുന്നെന്നും പോലീസ് കണ്ടെത്തി. എടിഎമ്മില്‍ പണം നിക്ഷേപിക്കാല്‍ പോകവെ കവര്‍ച്ച നടന്നെന്ന പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് നാടകം പൊളിച്ചത്.
പയ്യോളി സ്വദേശി സുഹൈല്‍, സുഹൃത്ത് താഹ എന്നിവരാണ് പിടിയിലായത്. എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ പോകവെ കൊയിലാണ്ടിയില്‍ വെച്ച് മുളകുപൊടി വിതറി യുവാവിനെ ബന്ദിയാക്കിയതിന് ശേഷം പണം കവര്‍ന്നെന്നായിരുന്നു പരാതി. തുടര്‍ന്ന് കൊയിലാണ്ടി പോലീസ് അന്വേഷണം ഊര്‍ജിതതമാക്കി. പരാതിക്കാരനെ ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതിയെന്ന വിവരം പുറത്തുവന്നത്.
പോലീസ് പിടികൂടിയ താഹയില്‍ നിന്നും 37 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്. റൂറല്‍ എസ്.പി പി നിധിന്‍ രാജായിരുന്നു അന്വേഷണത്തിന് നേതൃത്വം കൊടുത്തത്. കേസ് അന്വേഷണത്തിനായി പോലീസ് പ്രത്യേക സ്‌ക്വാഡിനെയും രൂപീകരിച്ചിരുന്നു. സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ആസൂത്രിത തട്ടിപ്പാണിതെന്ന് പോലീസിന് വ്യക്തമായത് സുഹൈലിന്റെ മൊഴിയിലെ പൊരുത്തക്കേടായിരുന്നു.
എടിഎമ്മില്‍ നിക്ഷേപിക്കുന്നതിനായി കൊണ്ടുപോയ 72 ലക്ഷത്തിലധികം രൂപ കൊള്ളടയടിച്ചെന്നായിരുന്നു പരാതി. ശരീരത്തിലും കാറിനുള്ളിലും മുളകുപൊടി വിതറി കൈയും കാലും കയറുകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു സുഹൈലിനെ കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് കെട്ടഴിച്ച ശേഷമാണ് ഇയാളെ പുറത്തെത്തിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.