എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഖാലിസ്ഥാന്‍ ഭീകരന്‍, നവംബര്‍ 1 മുതല്‍ 19 വരെ സര്‍വീസ് നടത്തരുതെന്ന് ഭീഷണി
ഇന്ത്യയില്‍ തുടര്‍ച്ചയായി വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി സന്ദേശങ്ങള്‍ എത്തുന്നതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിയുമായി ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ്. അടുത്ത മാസം ഒന്ന് മുതല്‍ 19വരെ എയര്‍ ഇന്ത്യ അന്തരാഷ്ട്ര സര്‍വീസ് നടത്തരുതെന്നും നടത്തിയാല്‍ തകര്‍ക്കുമെന്നുമാണ് ഭീഷണി.
ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പഥ്വന്ത് സിങ് പന്നുവാണ് ഭീഷണി സന്ദേശവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. അതേസമയം വിമാനങ്ങള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണി തുടര്‍ക്കഥയാവുകയാണ്. ഏഴു ദിവസത്തിനിടെ എഴുപതോളം വ്യാജ ഭീഷണികളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ മാത്രം മുപ്പതോളം വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണികള്‍ ഉണ്ടായത്.
ഇതോടെ നിരവധി വിമാന സര്‍വീസുകള്‍ വൈകി യാത്രക്കാര്‍ പ്രതിസന്ധിയിലായി. വിഷയത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിനായി ഇന്നലെ സമൂഹ മാധ്യമങ്ങളുടെ സഹായം ഡല്‍ഹി പൊലീസ് തേടിയിരുന്നു. വിപിഎന്‍, ഡാര്‍ക്ക് വെബ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വ്യാജ ബോംബ് ഭീഷണികള്‍ പോസ്റ്റ് ചെയ്യുന്നതെന്നാണ് പോലീസ് നിഗമനം.