വയനാട്ടിലൂടെ കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രിയങ്ക; സാക്ഷിയായി രാഹുലും സോണിയയും അടക്കമുള്ള നേതൃത്വം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റില്‍ എത്തിയിരുന്നു. പ്രിയങ്ക തെരെഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള കന്നിയങ്കം എന്ന നിലയില്‍ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് വയനാട്.
വയനാട്ടില്‍ മത്സരിക്കാനാവുന്നതില്‍ സന്തോഷമെന്നും ജനം തന്നെ തിരഞ്ഞെടുത്താല്‍ ഭാഗ്യമായി കരുതുമെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. ആവേശോജ്വലമായ റോഡ് ഷോയ്ക്ക് ശേഷമാണ് സോണിയ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വയനാടിനെ കൈവിടില്ലെന്നും ഏത് സങ്കടത്തിലും സന്തോഷത്തിലും ഒപ്പമുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
തന്റെ സഹോദരിയെ വയനാട്ടുകാരെ ഏല്‍പ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. തന്റെ കൈയിലെ രാഖി പ്രിയങ്ക കെട്ടിയതാണ്. ഇത് പൊട്ടുന്നത് വരെ അഴിച്ചു മാറ്റില്ല. ഇതുപോലെ തന്റെ സഹോദരിയെ അറ്റുപോകാത്ത ബന്ധം പോലെ വയനാട്ടിലെ പ്രിയപ്പെട്ടവര്‍ നോക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വയനാടിന്റെ ഔദ്യോഗിക പ്രതിനിധിയായി സഹോദരിയും അനൗദ്യോഗിക പ്രതിനിധിയായി താനും കൂടെയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയെ വയനാട്ടുകാര്‍ കൂടെ നിര്‍ത്തുമെന്ന് ഉറപ്പുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തനിക്ക് നല്‍കിയ സ്‌നേഹം പ്രിയങ്കയ്ക്കും നല്‍കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
വയനാട്ടുകാരെ പ്രിയങ്ക കുടുംബമായി കാണുന്നു. തന്റെ പിതാവ് മരിച്ചപ്പോള്‍ അമ്മയെ നോക്കിയത് പ്രിയങ്കയാണ്. കുടുംബത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്നയാളാണ് പ്രിയങ്ക. കൂട്ടുകാര്‍ക്ക് എന്ത് പ്രശ്‌നമുണ്ടായാലും ചെറുപ്പം മുതലെ അവര്‍ക്കൊപ്പം നില്‍ക്കുന്നയാളാണ്. വയനാട്ടുകാരുടെ എന്ത് പ്രശ്‌നത്തിലും പ്രിയങ്ക ഗാന്ധി കൂടെയുണ്ടാകുമെന്ന് ഉറപ്പുണ്ട്. വയനാട്ടിലെ ജനങ്ങളുടെ പൂര്‍ണ പിന്തുണ സഹോദരിക്കുണ്ടാകണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.