ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബര്‍ യുഎസ് തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതായി ട്രംപ്
ലണ്ടന്‍: ബ്രിട്ടണിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്ന പരാതിയുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെ വിജയിപ്പിക്കാന്‍ ലേബര്‍ പാര്‍ട്ടി ശ്രമിക്കുന്നുവെന്നു കാട്ടി ട്രംപ് ഫെഡറല്‍ ഇലക്ഷന്‍ കമീഷന് പരാതി നല്‍കി. ഈ ആഴ്ചം ആദ്യം നല്‍കിയ പരാതിയില്‍ ലേബര്‍ പാര്‍ട്ടിയും കമലാ ഹാരിസിന്റെ പ്രചാരണ സംഘവും തമ്മിലുള്ള കൂട്ടുകെട്ടിന്റെ തെളിവായി മാധ്യമ റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളുമടക്കം ട്രംപ് സമര്‍പ്പിച്ചിട്ടുണ്ട്.
ലേബര്‍ പാര്‍ട്ടിയിലെ സ്ട്രാറ്റജിസ്റ്റ് ടീം ഹാരിസിന്റെ പ്രചാരണവിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും 100ഓളം സ്റ്റാഫ് മെമ്പര്‍മാര്‍ പ്രധാനപോരാട്ടം നടക്കുന്ന യുഎസ് സ്റ്റേറ്റുകളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നും ട്രംപ് പറയുന്നു. കമല ഹാരിസ് നിയമവിരുദ്ധമായി രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും സംഭാവനകള്‍ സ്വീകരിച്ചു എന്നും ട്രംപ് പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ വിദേശത്ത് നിന്നുള്ള വോളണ്ടിയര്‍മാര്‍ക്ക് യുഎസ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കാം. ഇതിന് പ്രതിഫലം വാങ്ങരുതെന്ന് മാത്രമാണ് നിബന്ധന. അതുകൊണ്ട് തന്നെ ട്രംപിന്റെ പരാതിക്ക് ഏതെങ്കിലും തരത്തിലുള്ള സ്വാധിനമുണ്ടാക്കാന്‍ കഴിയില്ല എന്നാണ് വിലയിരുത്തുന്നത്.