തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും
കേരളത്തെ നടുക്കിയ 2020ലെ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. അരലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നാണ് കോടതി നിര്‍ദേശം. ഈ തുക മരിച്ച അനീഷിന്റെ ഭാര്യ ഹരിതയ്‌ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവുവാണ് വിധിപറഞ്ഞത്. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതരജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്.
ഹരിതയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. നേരത്തെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെനന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതില്‍ വാദിച്ചത്. അതേസമയം, പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് വിധിപറയാന്‍ മാറ്റുകയായിരുന്നു.
2020 ഡിസംബര്‍ 25 ന് വൈകുന്നേരം പ്രതികള്‍ അനീഷിനെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടുകാരില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ട അനീഷിന്റെയും ഹരിതയുടെയും വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമായിരുന്നു ദാരുണമായ സംഭവം. കൊലപാതകത്തിന് തൊട്ടുമുമ്പുള്ള മാസങ്ങളില്‍ അനീഷിനെ പ്രതികള്‍ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ ജീവിതം അപകടത്തിലാണെന്നും ശിക്ഷ പോരായെന്നും ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നുവെന്നും ഹരിത പ്രതികരിച്ചു.
വിചാരണ സമയത്ത് ഭീഷണി നേരിട്ടിരുന്നുവെന്നും ഹരിത പറഞ്ഞു. നിന്നെയും കൊല്ലും എന്നായിരുന്നു ഭീഷണി. ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് അവര്‍ക്ക് ഈ ശിക്ഷ കൊടുത്തതില്‍ എനിക്ക് തൃപ്തിയില്ല. വധശിക്ഷ തന്നെ കൊടുക്കണം. കൂടുതല്‍ ശിക്ഷയ്ക്ക് അപ്പീല്‍ പോകുമെന്നും ഹരിത പറഞ്ഞു.