'ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം'; ഏതറ്റംവരെയും പോകുമെന്ന് നവീന്റെ ഭാര്യ
പത്തനംതിട്ട: തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അതിനും വേണ്ടി ഏതറ്റം വരെ പോകുമെന്നും നവീന്‍ ബാബുവിന്റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. വിധിയില്‍ സന്തോഷമില്ല ആശ്വാസമാണ്.
പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതുവരെ അത്തരമൊരു നീക്കമുണ്ടായിട്ടില്ല. അവരെ കേസില്‍ അറസ്റ്റ് ചെയ്യണം. അതേസമയം, അറസ്റ്റ് ചെയ്യാത പൊലീസ് നടപടിക്കെതിരെയും കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെയും മഞ്ജുഷ വിമര്‍ശനം ഉന്നയിച്ചു. യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശം പാടില്ലായിരുന്നുവെന്ന് പറഞ്ഞ് ജില്ലാ കളക്ടര്‍ക്ക് ഇടപെടാമായിരുന്നുവെന്നും മഞ്ജുഷ പറഞ്ഞു.
സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ അത്തരത്തില്‍ പരാമര്‍ശം നടത്തരുതെന്ന് പറഞ്ഞ് കളക്ടര്‍ക്ക് ഇടപെടമായിരുന്നു. പ്രാദേശിക ചാനലിനെ വിളിച്ച് വരുത്തി വീഡിയോ റെക്കോര്‍ഡ് ചെയ്യിപ്പിച്ചു. ഇതിലൊന്നും കളക്ടര്‍ ഇടപെട്ടില്ല. മഞ്ജുഷ കൂട്ടിച്ചേര്‍ത്തു. നവീന്‍ ബാബു മരിച്ചതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ഭാര്യ മാധ്യമങ്ങളോട് സംസാരിക്കുന്നത്.
പിപി ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണം. പരമാവധി ശിക്ഷ നല്‍കണം. ആ വേദിയില്‍ അല്ല അവര്‍ അങ്ങനെ സംസാരിക്കേണ്ടിയിരുന്നത്. വേറൊരു വേദി കളക്ടര്‍ക്ക് ഒരുക്കാമായിരുന്നു. ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയേ തീര്‍ച്ചയായും അറസ്റ്റ് ചെയ്യണം. കൂടുതലൊന്നും പറയാനില്ല. ഏതറ്റം വരേയും പോകും - മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു.