നഗരസഭ ചെയര്‍മാനെതിരെ താല്‍ക്കാലിക വനിതാ ജീവനക്കാരിയുടെ ലൈംഗികാരോപണ പരാതി
കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാനെതിരെ ലൈംഗിക ആരോപണ പരാതിയില്‍ കേസ് എടുത്ത് പൊലീസ്. നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരെയാണ് കേസ് എടുത്തത്. നഗരസഭ ചെയര്‍മാന്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ ആരോപണം. നഗരസഭയിലെ തന്നെ താല്‍ക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് നടപടി.
ഭര്‍ത്താവിന്റെ ചികിത്സാ ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു സംഭവമുണ്ടത്. പണം വേണമെങ്കില്‍ തന്റെ ഒപ്പം വരണമെന്ന് നഗരസഭ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക റൂമില്‍ വെച്ച് അശ്ലീല ചുവയോടെ സംസാരിച്ചു. നിവര്‍ത്തികേടുകൊണ്ടാണ് ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ചെയര്‍മാനെ സമീപിച്ചതെന്നും ചെയര്‍മാനെ ചോദ്യം ചെയ്തതോടെ പിന്നീട് ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും യുവതി പറഞ്ഞു.
അതേസമയം ചെയര്‍മാന്‍ ഇടപെട്ട് ജോലി സ്ഥലം മാറ്റിയെന്നും യുവതി പറഞ്ഞു. കാലങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് താനും കുടുംബവും. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കേണ്ട എന്നത് കൊണ്ടാണ് ഇത് വരെ പൊതുമധ്യത്തില്‍ പ്രതികരിക്കാതിരുന്നത്. ആദ്യം സിപിഎം പ്രാദേശിക ഘടകങ്ങള്‍ക്കും ശേഷം സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു.