പെട്രോള്‍ പമ്പുമായി തനിക്ക് ബന്ധമില്ലെന്ന് പി.പി ദിവ്യ; ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേയ്ക്കു നീളും
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണ ഉന്നയിച്ചതില്‍ ഗൂഢാലോചനയില്ലെന്ന് കേസിലും പ്രതിയും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ പൊലീസിനോട് പറഞ്ഞു.
പെട്രോള്‍ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും മൊഴി നല്‍കി. പ്രശാന്തുമായി ഫോണ്‍വിളികളും ഉണ്ടായിട്ടില്ല. പ്രശാന്ത് ജില്ല പഞ്ചായത്തിന്റെ ഹെല്‍പ് ഡെസ്‌കില്‍ വന്ന അപേക്ഷകന്‍ മാത്രമാണെന്നും ദിവ്യ പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കില്ലെന്ന് പൊലീസ് അറിയിച്ചു. അടുത്ത ദിവസം തന്നെ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേയ്ക്കു നീളും
ദിവ്യയെ വളരെ രഹസ്യമായാണ് കോടതിയില്‍ പൊലീസ് ഹാജരാക്കിയത്. പുറത്തിറങ്ങിയ ദിവ്യയോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും ദിവ്യ പ്രതികരിച്ചില്ല.
പോലീസ് അറസ്റ്റുചെയ്ത് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്തത്. കേസിന്റെ തുടക്കം മുതല്‍ ദിവ്യക്ക് വലിയ പരിഗണനയാണ് ലഭിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റം ചേര്‍ത്തു ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടും ദിവ്യയുടെ മൊഴിയെടുക്കാന്‍പോലും തുനിയാത്ത പൊലീസിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.
മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച 38 പേജുകളുള്ള വിധിന്യായം വന്നതോടെ, ഗത്യന്തരമില്ലാതെയുള്ള കീഴടങ്ങലിനെയാണ് കസ്റ്റഡിയിലെടുക്കലായി വ്യാഖ്യാനിച്ച് മുഖം രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചത്. അതിനുശേഷം, മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാന്‍ പൊലീസ് വലിയ അഭ്യാസമാണു നടത്തിയത്. ദിവ്യയുടെ ദൃശ്യം മാധ്യമങ്ങള്‍ പകര്‍ത്താതിരിക്കാന്‍ വലിയ മുന്‍കരുതല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായി.
അതിനിടെ കളക്ടര്‍ക്കെതിരെ നവീന്‍ബാബുവിന്റെ കുടുംബം രംഗത്തെത്തി. യാത്രയയപ്പ് യോഗത്തില്‍ എഡിഎം നവീന്‍ ബാബുവിനെ പി പി ദിവ്യ ആക്ഷേപിക്കുമ്പോള്‍ കണ്ണൂര്‍ കളക്ടര്‍ ചെറുചിരിയോടെ ഇരുന്നത് സഹിക്കാനായില്ലെന്ന് നവീന്റെ ഭാര്യ കെ മഞ്ജുഷ. കളക്ടറുടെ മൊഴി വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ ഇന്നലെയും ആവര്‍ത്തിച്ചു.