നാട്ടുവാര്‍ത്തകള്‍

എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദവുമായി പി പി ദിവ്യയുടെ അഭിഭാഷകന്‍; ജാമ്യ ഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച


എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച. പി പി ദിവ്യക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അതേസമയം പ്രശാന്തിന്റെയും എഡിഎമ്മിന്റേയും ഫോണ്‍ രേഖകള്‍ ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദമാണ് പി പി ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചത്. ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദിച്ചപ്പോള്‍ എഡിഎമ്മിന്റെ ഫോണ്‍ രേഖകളടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി വാദിച്ചത്. കൈക്കൂലി നല്‍കിയതിനാണ് പ്രശാന്തിനെതിരെ നടപടിയെടുത്തതെന്നും എഡിഎം പ്രശാന്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മില്‍ കണ്ടുവെന്നുമടക്കമാണ് കൈക്കൂലി വാങ്ങിയതിന് തെളിവായി പി പി ദിവ്യ ഉന്നയിക്കുന്ന വാദങ്ങള്‍.


മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയ ഉടനെ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയെന്ന് വ്യക്തമാക്കിയാണ് ദിവ്യയുടെ അഭിഭാഷകന്‍ വാദം തുടങ്ങിയത്. ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ ചോദിച്ചപ്പോള്‍ അതിനെ തങ്ങള്‍ എതിര്‍ത്തില്ല. അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കുന്നുണ്ട്. എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ഇക്കാര്യം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആ വേദിയില്‍ അങ്ങിനെ സംസാരിക്കേണ്ടായിരുന്നു എന്നത് അംഗീകരിക്കുന്നു. ഉദ്ദേശം ഇല്ലാതെ ചെയ്‌താല്‍ കുറ്റമാകുമോയെന്നും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയോട് ചോദിച്ചു.

കൈക്കൂലി നല്‍കിയെന്ന് പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ടെന്നായിരുന്നു മറ്റൊരു വാദം. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. ഇത് ദിവ്യയുടെ ആരോപണത്തെ ശരിവെക്കുന്നതാണ്. ആറാം തീയ്യതി കൈക്കൂലി നല്‍കിയെന്നാണ് മൊഴി. പ്രശാന്തിന്റെയും നവീന്റെയും ഫോണ്‍ രേഖകള്‍ തെളിവായുണ്ട്. പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത് കൈകൂലി നല്‍കിയതിനാണ്. ഇതിലൂടെ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാണെന്നും വാദിച്ചു.

അതേസമയം എഡിഎം പ്രശാന്തിനെ ഫോണില്‍ വിളിച്ചുവെന്നാണ് മറ്റൊരു വാദം. ഒക്ടോബര്‍ ആറിന് രാവിലെ 11.10 ന് പ്രശാന്തിനെ എഡിഎം ഫോണില്‍ വിളിച്ച് 23 സെക്കന്റ് സംസാരിച്ചു. ആ സമയത്ത് എഡിഎം കണ്ണൂരിലും പ്രശാന്ത് ശ്രീകണ്ഠാപുരത്തുമായിരുന്നു. 12.42 ന് പ്രശാന്ത് എഡിഎമ്മിനെ വിളിച്ചു. ഈ സമയത്ത് രണ്ട് പേരും ഒരേ ടവര്‍ ലൊക്കേഷനിലായിരുന്നു. ഇരുവരും നേരില്‍ കണ്ടുവെന്നതിന് ഇത് തെളിവാണ്. ഇരുവരും തമ്മില്‍ കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങളും തെളിവായുണ്ട്. ഇത്രയും തെളിവ് ഉള്ളപ്പോള്‍ എന്തിന് ദിവ്യയെ സംശയിക്കണമെന്നും പ്രാശാന്തിന്റെ മൊഴിയെ എന്തിന് അവിശ്വസിക്കണമെന്നും അഭിഭാഷകന്‍ ചോദിച്ചു.

അതേസമയം എഡിഎം കൈക്കൂലി വാങ്ങിയെന്ന് സ്ഥാപിക്കാന്‍ പിപി ദിവ്യ ഉന്നയിച്ച വാദങ്ങളെ എതിര്‍ത്ത് പ്രൊസിക്യൂഷന്‍ രംഗത്തെത്തി. പ്രശാന്തിനെതിരെ നടപടിക്ക് കാരണം കൈക്കൂലി ആരോപണം മാത്രമല്ലെന്നും പ്രശാന്തുമായി ഫോണില്‍ സംസാരിച്ചത് എങ്ങനെ കൈക്കൂലി വാങ്ങിയതിന്റെ തെളിവാകുമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. കളക്ടറുടെ മൊഴിയില്‍ ഒന്നും ഒളിച്ചുവെച്ചിട്ടില്ലെന്നും ഗംഗാധരന്‍ വലിയ തുക ചെലവായെന്ന് പറഞ്ഞത് എങ്ങനെ കൈക്കൂലിയാകുമെന്നും ദിവ്യയുടെ വാദങ്ങളെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ചോദിച്ചു.


പ്രശാന്ത് ബാങ്കില്‍ നിന്ന് വായ്പയെടുത്തെന്നത് എങ്ങനെ കൈക്കൂലിയാകും? ഒരു പരിപാടിയിലേക്ക് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വന്നാല്‍ ഇറങ്ങി പോകാന്‍ പറയാന്‍ പറ്റുമോ? ഇരിക്കാന്‍ പറഞ്ഞത് മാന്യതയാണ്. ദിവ്യ വന്നതില്‍ ആസ്വഭാവികത തോന്നിയില്ലെന്നാണ് ഡെപ്യൂട്ടി കളക്ടര്‍ ശ്രുതിയുടെ മൊഴി. പരിപാടിയുടെ ആധ്യക്ഷ ശ്രുതിയായിരുന്നു. ദിവ്യയെ ആശംസ അറിയിക്കാന്‍ ക്ഷണിച്ചെന്നും ദിവ്യയുടെ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 19ാം വയസില്‍ സര്‍വീസില്‍ പ്രവേശിച്ച ആളാണ് നവീന്‍. ഇതുവരെ അദ്ദേഹത്തെ കുറിച്ച് കൈക്കൂലി ആരോപണങ്ങള്‍ ഇല്ല.

ആരോപണം ഉയര്‍ന്ന ഫയലില്‍ ഒരു കാലതാമസവും ഉണ്ടായിട്ടില്ല. പിന്നെ എന്തിന് അഴിമതി നടത്തണം? പണം നല്‍കിയെന്ന് പ്രശാന്തിന്റെ ആരോപണം മാത്രമാണ്. മറ്റ് തെളിവുകളോ സാക്ഷികളോ ഇല്ല. ഭൂമി നികത്തിയതാണ് ഗംഗാധരന്റെ പ്രശ്നം. സ്റ്റോപ് മെമ്മോ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഗംഗാധരനെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത്? എഡിഎം പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗംഗാധരനും പറഞ്ഞത്. ദിവ്യക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നല്‍കരുതെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു.

  • പണം കൊടുത്താണ് സ്വര്‍ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി
  • നടന്നത് ലൈംഗിക സ്വഭാവത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗം; പി ടി കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്
  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions