നവീനെതിരായ ഗൂഡാലോചന, അണിയറക്കളികള്‍: കുടുംബം സിബിഐയിലേക്ക്
എംഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയുടെ ജാമ്യാപേക്ഷയുടെ വെള്ളിയാഴ്ചത്തെ വിധി കാത്തിരിക്കുകയാണ് നവീന്റെ കുടുംബം. ദിവ്യയ്ക്ക് ജാമ്യം കിട്ടുന്ന അവസ്ഥ സ്ഥിതിയുണ്ടായാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തിലേയ്ക്ക് കുടുംബം നീങ്ങുമെന്നാണ് സൂചന. കേസ് ദിവ്യയില്‍ തീര്‍ക്കാനും ദുര്‍ബലപ്പെടുത്താനും പോലീസും പ്രോസിക്യൂഷനും ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. വ്യാജ പരാതി കൊടുത്ത പ്രശാന്തനെതിരെ കേസ് എടുക്കാനോ പ്രശാന്തനും ദിവ്യയും തമ്മിലുള്ള കോള്‍ രേഖകള്‍ ഇടപാടുകള്‍ എന്നിവ പരിശോധിക്കാനോ പോലീസ് തയാറായിട്ടില്ല. മാത്രമല്ല, നവീനെ അഴിമതിക്കാരാനാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നുവെന്നും ഇതിനായി തെളിവുണ്ടാക്കാനും ശ്രമിച്ചു എന്ന് കുടുംബം
ആദ്യം മുതലേ പറയുന്നു.
നവീന്‍ ബാബു തന്നോട് 'തെറ്റുപറ്റിയെന്ന' കളക്ടറുടെ മൊഴി ദുരൂഹമാണ്. അതില്‍പ്പിടിച്ചാണ് ദിവ്യയുടെ അഭിഭാഷകന്റെ വാദം. കളക്ടറും ദിവ്യയുമായുള്ള ഗൂഡാലോചനയാണ് 'തെറ്റുപറ്റിയെന്ന' മൊഴിയെന്ന് നവീന്‍ ബാബുവിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു
കളക്ടറുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാത്തത് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ വക്കീലായി അഡ്വ ജോണ്‍ എസ് റാല്‍ഫ് ചര്‍ച്ചയാക്കിയിരുന്നു.
കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ നവീന്‍ ബാബുവിന്റെ കുടുംബം നിയോഗിച്ച അഭിഭാഷകന്‍ ശക്തമായ നിലപാട് എടുത്തപ്പോള്‍ അതിനെ പ്രോസിക്യൂഷന്‍ പിന്തുണച്ചില്ല. കളക്ടറെ പ്രതിരോധിക്കാനായിരുന്നു പ്രോസിക്യൂഷന്റെ ശ്രമം. കേസ് അന്വേഷണം ഇഴയുന്നതും ഫോണ്‍ രേഖകള്‍ പോലും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കാത്തതും നവീന്‍ ബാബുവിന്റെ കുടുംബം നിയോഗിച്ച ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജോണ്‍ എസ് റാല്‍ഫ് ചോദ്യം ചെയ്തു.
കളക്ടര്‍ അരുണ്‍ കെ വിജയനെ സംശയത്തില്‍ നിര്‍ത്താന്‍ സര്‍ക്കാരും പ്രോസിക്യൂഷനും ആഗ്രഹിക്കുന്നില്ല. മുദ്ര വച്ച കവറില്‍ റവന്യൂ വകുപ്പിന് നല്‍കിയ മൊഴിയില്‍ നവീന്‍ ബാബു തെറ്റു സമ്മതിച്ചുവെന്ന വിശദീകരണം കളക്ടര്‍ നല്‍കുന്നുണ്ട്. ഇതിന് വിശദീകരണവുമില്ല. എന്ത് തെറ്റാണ് നവീന്‍ ബാബു ചെയ്തതെന്ന് സമ്മതിച്ചതെന്ന് പറയാതെ പൊതു സമൂഹത്തിലും ഈ നിലപാട് കളക്ടര്‍ ശരിവച്ചു. ഇതാണ് ദിവ്യയ്ക്കായി അവരുടെ അഭിഭാഷകന്‍ ഉയര്‍ത്തുന്ന പ്രധാന വാദം. എന്നാല്‍ കളക്ടറുമായി ബന്ധപ്പെട്ട വിവാദം പ്രോസിക്യൂഷന്‍ ഏറ്റുപിടിച്ചില്ല. ഇതാണ് വാദത്തിനിടെ നവീന്‍ ബാബുവിന്റെ കുടുംബത്തിനായി ജോണ്‍ എസ് റാല്‍ഫ് ഉന്നയിച്ചത്. ഇതിനെ വാദത്തിനിടെ തന്നെ പ്രോസിക്യൂട്ടര്‍ അജിത് കുമാര്‍ എതിര്‍ത്തു. ദിവ്യയുടെ അഭിഭാഷകന്റെ വാദങ്ങളെ എല്ലാം ശക്തിയുക്തം വാദിച്ച് പൊളിച്ച പ്രോസിക്യൂട്ടര്‍ക്ക് കളക്ടര്‍ക്കെതിരെ പറയാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. പോലീസിന്റെ വേഗത കുറഞ്ഞ അന്വേഷണമെന്ന നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ വാദവും ശ്രദ്ധേയമായി. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണമെന്ന ആവശ്യം ശക്തമാക്കുന്നത്.
എല്ലാ വാദവും കേട്ട ശേഷമാണ് ദിവ്യയുടെ ജാമ്യപേക്ഷയില്‍ വിധി പ്രസ്താവിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. കൈക്കൂലി വാങ്ങി എന്നത് സംബന്ധിച്ച് എഡിഎം കുറ്റസമ്മതം നടത്തിയെന്നും ദിവ്യയുടെ പ്രസംഗത്തില്‍ ആത്മഹത്യാ പ്രേരണയില്ലെന്നും പ്രതിഭാഗം വാദിച്ചു. അന്വേഷണത്തോട് ദിവ്യ സഹകരിച്ചെന്ന് ദിവ്യയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ദൃശ്യങ്ങള്‍ മനഃപൂര്‍വം പ്രചരിപ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇതെല്ലാം പൊളിക്കാന്‍ വേണ്ടിയാണ് കളക്ടര്‍-ദിവ്യ ഗൂഡാലോചന നവീന്‍ ബാബുവിന്റെ കുടുംബം ചര്‍ച്ചയാക്കിയത്. പക്ഷേ അത് പ്രോസിക്യൂഷന്‍ ഏറ്റുപിടിക്കാത്ത് വിധിയോ സ്വാധീനിക്കുമോ എന്ന സംശയം നവീന്‍ ബാബുവിന്റെ കുടുംബത്തിനുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യ ഹര്‍ജിയുടെ വിധി നോക്കി അവര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യത ഏറെയാണ്.