ബിസിനസ്‌

കാത്തിരിപ്പിനൊടുവില്‍ പലിശ നിരക്ക് കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ബേസ് റേറ്റ് 4.75 ശതമാനത്തിലേക്ക് താഴ്ത്തി

ഇടവേളയ്ക്ക് ശേഷം അടിസ്ഥാന പലിശ നിരക്ക് കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. വിപണിയുടെ പ്രതീക്ഷയ്ക്ക് ഒപ്പം ബേസ് റേറ്റ് 4.75 ശതമാനമായി കുറയ്ക്കാന്‍ കേന്ദ്ര ബാങ്കിന്റെ മോണിറ്റി പോളിസി കമ്മിറ്റി തയ്യാറായി. മോണിറ്ററി പോളിസി കമ്മിറ്റി ഐക്യകണ്‌ഠേനയാണ് തീരുമാനം കൈക്കൊണ്ടത്.

എങ്കിലും റേച്ചല്‍ റീവ്‌സിന്റെ പ്രഥമ ബജറ്റ് രാജ്യത്തെ പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴിയൊരുക്കുമെന്ന് ബാങ്ക് പ്രവചിക്കുന്നു. അതിനാല്‍ പലിശ നിരക്ക് വീണ്ടും താഴാനുള്ള സാധ്യത കുറവാണ്. അടുത്ത രണ്ട് വര്‍ഷക്കാലത്ത് അര ശതമാനം പോയിന്റെങ്കിലും പണപ്പെരുപ്പം വര്‍ദ്ധിക്കാന്‍ ബജറ്റ് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ മുന്‍പ് പ്രതീക്ഷിച്ച വേഗത്തിലൊന്നും പലിശ നിരക്ക് കുറയില്ലെന്നാണ് സൂചന. 2027 ആദ്യ പാദത്തില്‍ മാത്രമാകും പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തില്‍ സ്ഥായിയായി നില്‍ക്കുകയെന്നും കരുതുന്നു.

അതേസമയം റേച്ചല്‍ റീവ്‌സിന്റെ നികുതി, കടമെടുപ്പ് ചെലവുകളുടെ 70 ബില്ല്യണ്‍ പൗണ്ട് പാക്കേജ് വിലക്കയറ്റം വര്‍ദ്ധിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്ന് മോണിറ്ററി പോളിസി റിപ്പോര്‍ട്ട് കണ്ടെത്തി. ഇതിന് പുറമെ അടുത്ത വര്‍ഷം ജിഡിപി വളര്‍ച്ചയില്‍ മൂന്ന് ക്വാര്‍ട്ടര്‍ പോയിന്റ് വര്‍ദ്ധനവും സമ്മാനിക്കും.

പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തില്‍ താഴെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പലിശ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞതെന്ന് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കി. പണപ്പെരുപ്പം ഈ നിലയില്‍ തന്നെ തുടരുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനാല്‍ വളരെ വേഗത്തില്‍ പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ കഴിയില്ല. എങ്കിലും സമ്പദ് വ്യവസ്ഥ പ്രതീക്ഷിക്കുന്ന തോതില്‍ പരുവപ്പെട്ട് വന്നാല്‍ പലിശ നിരക്ക് ഘട്ടംഘട്ടമായി കുറയ്ക്കാന്‍ കഴിയും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രൈവറ്റ് സ്‌കൂള്‍ ഫീസിലെ വാറ്റ്, ബസ് ഫെയര്‍ ക്യാപ്പ് 3 പൗണ്ടിലേക്ക് ഉയര്‍ത്തിയ നടപടി, എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് 15 ശതമാനമാക്കിയത് എന്നിങ്ങനെ ബജറ്റില്‍ റീവ്‌സ് പ്രഖ്യാപിച്ച പല നടപടികളും വിലക്കയറ്റത്തിന് വഴിയൊരുക്കുമെന്നാണ് ബാങ്ക് പ്രവചനം.

സെപ്റ്റംബറില്‍ ബേസ് റേറ്റ് 5 ശതമാനത്തില്‍ നിലനിര്‍ത്താനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചത്. ഇതിന് മുന്‍പുള്ള മാസത്തിലാണ് കുത്തനെ ഉയര്‍ന്ന നിരക്ക് ആദ്യമായി താഴ്ത്താന്‍ ബാങ്ക് തീരുമാനിച്ചത്. 5.25 ശതമാനം വരെ ഉയര്‍ന്ന ശേഷമാണ് പലിശ നിരക്ക് ആഗസ്റ്റിന് ശേഷം 0.5 ബേസിസ് പോയിന്റ് കുറഞ്ഞത്.

പണപ്പെരുപ്പം താഴുന്നതാണ് പലിശ കുറയ്ക്കാന്‍ മോണിറ്ററി പോലിസി കമ്മിറ്റിക്ക് ഊര്‍ജ്ജമായത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ വരെയുള്ള 12 മാസങ്ങളില്‍ പണപ്പെരുപ്പം 1.7 ശതമാനത്തിലേക്ക് താഴ്ന്നുവെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കാക്കുന്നത്. ആഗസ്റ്റിലെ 2.2 ശതമാനത്തില്‍ നിന്നുമാണ് ഈ ഇടിവ്.

  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions