യു.കെ.വാര്‍ത്തകള്‍

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഓള്‍ഡ്ഹാം ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ രോഗി കുത്തിവീഴ്ത്തിയത് മലയാളി നഴ്‌സിനെ!


ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡാം റോയല്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ ശനിയാഴ്ച ചികിത്സ വൈകിയതിന്റെ പേരില്‍ രോഗി നഴ്‌സിനെ കുത്തിവീഴ്ത്തിയ വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഈ ദുരന്തം നേരിട്ടത് ഒരു മലയാളി നഴ്‌സിനാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നത്.

57-കാരി അച്ചാമ്മ ചെറിയാനെയാണ് അക്യൂട്ട് മെഡിക്കല്‍ യൂണിറ്റില്‍ ഡ്യൂട്ടിക്കിടെ കാത്തിരുന്ന് രോഷാകുലനായ രോഗി കത്രിക ഉപയോഗിച്ച് കുത്തിയത്. ഇവരുടെ കഴുത്തിലാണ് പരുക്കേല്‍പ്പിച്ചത്. ആശുപത്രിയില്‍ നഴ്‌സിനെ അക്രമിച്ച 37-കാരന്‍ റൊമന്‍ ഹേഗ്വിനെ അറസ്റ്റ് ചെയ്തിരുന്നു. വധശ്രമ കേസ് ചുമത്തി ഇയാളെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

നഴ്‌സിന് ഗുരുതരമായ പരുക്കേല്‍പ്പിച്ച സംഭവത്തിലാണ് പ്രതിയെ മാഞ്ചസ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കിയത്. ആശുപത്രിയില്‍ നിന്നും ഏതാനും മിനിറ്റ് മാത്രം അകലെയാണ് അച്ചാമ്മ ചെറിയാനും, ഭര്‍ത്താവും താമസിച്ച് വരുന്നത്. രാത്രി ഷിഫ്റ്റുകളില്‍ പതിവായി പോകേണ്ടി വന്നിരുന്ന നഴ്‌സിനെ ജോലിക്ക് പോകുമ്പോഴാണ് കാണാറുള്ളതെന്ന് അയല്‍ക്കാര്‍ പറയുന്നു.

2007 മുതല്‍ ഇവിടെ താമസിക്കുന്ന വ്യക്തിയാണ് അച്ചാമ്മ ചെറിയാനെന്ന് അയല്‍ക്കാര്‍ വെളിപ്പെടുത്തി. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. അലക്‌സാണ്ടര്‍ ചാണ്ടിയാണ് അച്ചാമ്മയുടെ ഭര്‍ത്താവ്.

കോടതിയില്‍ ഹാജരാക്കിയ ഹേഗ് തന്റെ പേര് 'മുഹമ്മദ് റോമന്‍ ഹേഗ്' എന്നാണെന്ന് സ്വയം അറിയിച്ചു. ഫെബ്രുവരി 18ന് മിന്‍സ്ഹള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയിലാണ് ഇയാളെ ഇനി ഹാജരാക്കുക. ഈ സമയം വരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയാണ് കോടതി ചെയ്തത്.

പരുക്കേറ്റ നഴ്‌സ് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് പറഞ്ഞു. നഴ്‌സിന് കുത്തേറ്റ സംഭവത്തില്‍ നഴ്‌സുമാര്‍ എന്‍എച്ച്എസിന്റെ നട്ടെല്ലാണെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രതികരിച്ചത്.

നഴ്‌സിംഗ് ജീവനക്കാര്‍ക്ക് ഭയപ്പാടില്ലാതെ ആളുകളെ പരിചരിക്കാന്‍ കഴിയണമെന്ന് സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 11.30-ഓടെയാണ് അക്രമം നേരിട്ടതെന്ന് റോയല്‍ ഓള്‍ഡാം ഹോസ്പിറ്റല്‍ വ്യക്തമാക്കി.

  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions