യു.കെ.വാര്‍ത്തകള്‍

ആദ്യമായി റിഫോം യുകെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മലയാളി

ലണ്ടന്‍: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിഫോം യുകെയുടെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും മലയാളി. മാര്‍ച്ച് ആറിന് നടക്കുന്ന കാന്റര്‍ബറി കൗണ്‍സില്‍ ഉപതിരഞ്ഞെടുപ്പിലും തുടര്‍ന്ന് മെയ് ഒന്നിന് നടക്കുന്ന കെന്റ് കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പിലുമാണ് റിഫോം പാര്‍ട്ടി സ്ഥാനാര്‍ഥിയായി മലയാളിയായ ബേബിച്ചന്‍ തോമസ് മത്സരിക്കുന്നത്. കെന്റിലെ വിസ്റ്റബിളില്‍ താമസിക്കുന്ന ബേബിച്ചന്‍ പാലാ മണിയഞ്ചിറ കുടുംബാംഗമാണ്. കെന്റില്‍ ഡിസ്ട്രിക്ട് നഴ്‌സായി ജോലി ചെയ്യുന്ന ബേബിച്ചന്റെ സ്ഥാനാര്‍ഥിത്വത്തിന് റിഫോം പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ മികച്ച പിന്തുണയാണ് ലഭിച്ചത്. കെന്റിലെ മലയാളി സമൂഹത്തിന് ഏറെ സമ്മതനായ ബേബിച്ചന്‍ കാന്റര്‍ബറി മലയാളി അസോസിയേഷന്റെയും യുക്മയുടെയും സജീവ പ്രവര്‍ത്തകനാണ്.

കാല്‍ നൂറ്റാണ്ടായി കെന്റില്‍ താമസിക്കുന്ന ബേബിച്ചന് വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും ഏറെയാണ്. പുതിയ പാര്‍ട്ടിയുടെ കുതിപ്പും കൂട്ടാകുമ്പോള്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ബ്രിട്ടിഷ് സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നതിനു വേണ്ടിയാണ് സ്ഥാനാര്‍ഥി ആകുന്നതെന്നാണ് ബേബിച്ചന്റെ വിശദീകരണം. കുടിയേറ്റ വിരുദ്ധത മുഖമുദ്രയായിരുന്ന യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ (യുക്കിപ്) പുതിയ പതിപ്പാണ് നൈജല്‍ ഫെറാജ് നേതൃത്വം നല്‍കുന്ന റിഫോം യുകെ പാര്‍ട്ടി. മൂന്നുവര്‍ഷക്കാലംകൊണ്ട് റിഫോം യുകെ ബ്രിട്ടിഷ് രാഷ്ട്രീയത്തിലുണ്ടാക്കിയ സ്വാധീനം അത്ഭുതാവഹമാണ്. മുഖ്യ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഉള്ളതിനേക്കാള്‍ അംഗങ്ങള്‍ റിഫോം യുകെ ആയിക്കഴിഞ്ഞു. പൊതു തിരഞ്ഞെടുപ്പില്‍ രാജ്യത്താകെ 15 ശതമാനത്തോളം വോട്ടാണ് റിഫോം യുകെ സ്ഥാനാര്‍ഥികള്‍ നേടിയത്. നൂറോളം കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണമായത് ഇവരുടെ സാന്നിധ്യമാണ്.

ബ്രിട്ടനിലെ പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ ലേബര്‍ പാര്‍ട്ടിയുടെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥികളായി നിരവധി പേര്‍ മത്സരിക്കുകയും വിജയിക്കുകയും മേയര്‍മാര്‍ വരെ ആകുകയും ചെയ്തിട്ടുണ്ട്. നിലവിലെ കേംബ്രിജ് സിറ്റി കൗണ്‍സില്‍ മേയറായ ബൈജു വര്‍ക്കി തിട്ടാലയാണ് ഇതിന് ഒടുവിലത്തെ ഉദാഹരണം. ഓമന ഗംഗാധരന്‍, മഞ്ജു ഷാഹുല്‍ ഹമീദ്, ടോം ആദിത്യ, ഫിലിപ്പ് ഏബ്രഹാം തുടങ്ങി നിരവധി മലയാളി മേയര്‍മാര്‍ ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സിലുകളില്‍ ഉണ്ടായിട്ടുണ്ട്. കൗണ്‍സിലര്‍മാരായി നിരവധി മലയാളികളും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് റിഫോം യുകെയുടെ സ്ഥാനാര്‍ഥിയായി ഒരു മലയാളി മത്സരരംഗത്ത് വരുന്നത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions