യു.കെ.വാര്‍ത്തകള്‍

സാന്റാന്‍ഡര്‍ ബാങ്ക് അവരുടെ 95 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നു; തൊഴിലാളികള്‍ക്ക് തിരിച്ചടി

ലണ്ടന്‍: ബ്രിട്ടനിലെ പ്രമുഖ ബാങ്കായ സാന്റാന്‍ഡര്‍ രാജ്യത്തെ 95 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നു. ബാങ്ക് ശാഖകള്‍ ഇല്ലാതാകുന്നതോടെ ഇവിടെ ജോലി ചെയ്യുന്ന 750 പേര്‍ക്ക് തൊഴിലും നഷ്ടപ്പെടും. ബാങ്ക് ഉപയോക്താക്കള്‍ കൂട്ടത്തോടെ ഓണ്‍ലൈന്‍ ബാങ്കിങ്ങിലേക്ക് മാറിയ സാഹചര്യത്തിലാണ് ഹൈസ്ട്രീറ്റ് ബ്രാഞ്ചുകളുടെ എണ്ണം കുറയ്ക്കാന്‍ ബാങ്ക് തീരുമാനിച്ചത്. ജൂണ്‍ മാസത്തില്‍ തീരുമാനം പ്രാബല്യത്തിലാകും.

ഇതിനു പുറമെ 36 ബ്രാഞ്ചുകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറയ്ക്കും. മറ്റു 18 ബ്രാഞ്ചുകളില്‍ ഫ്രണ്ട് ഓഫിസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും. 95 ബ്രാഞ്ചുകള്‍ പൂട്ടുന്നതോടെ നിലവിലുള്ള 444 ബ്രാഞ്ചുകള്‍ 349 ആയി കുറയും. ബ്രാഞ്ചുകള്‍ പൂട്ടുന്ന സ്ഥലങ്ങളില്‍ കമ്യൂണിറ്റി ബാങ്കര്‍മാരുടെ പ്രവര്‍ത്തനം ലഭ്യമാക്കുമെന്ന് ബാങ്ക് വ്യക്തമാക്കി. ലൈബ്രറികള്‍ ഉള്‍പ്പെടെയുള്ള ലോക്കല്‍ കമ്മ്യൂണിറ്റി സെന്ററുകളില്‍ ആഴ്ചതോറും ബാങ്ക് ഉദ്യോഗസ്ഥരെത്തി ആളുകളുടെ ബാങ്കിങ് ആവശ്യങ്ങള്‍ക്ക് സഹായം ഒരുക്കുന്ന പദ്ധതിയാണിത്.

ഇതിനു പുറമെ തിരഞ്ഞെടുക്കപ്പെട്ട ലൊക്കേഷനുകളില്‍ വര്‍ക്ക് കഫേകളും ആരംഭിക്കും. പണം പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള ബാങ്കിങ് ആവശ്യങ്ങള്‍ ലഭ്യമാക്കിയായിരിക്കും കഫേകളുടെ പ്രവര്‍ത്തനം. ഡിജിറ്റല്‍ ബാങ്കിങ്ങിലേക്ക് ആളുകള്‍ അതിവേഗം മാറുന്നതിനാലാണ് ലോക്കല്‍ ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് ബാങ്ക് വ്യക്തമാക്കി. എങ്കിലും ഉപയോക്താക്കള്‍ക്ക് അധികം ബുദ്ധിമുട്ട് അനുഭവപ്പെടാത്ത വിധമാകും ബ്രാഞ്ചുകള്‍ നിര്‍ത്തലാക്കുകയെന്നും അധികൃതര്‍ പറഞ്ഞു.

പല സ്ഥലങ്ങളിലും എംപിമാരും മറ്റു ജനപ്രതിനിധികളും ഇതിനെതിരേ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ജനുവരിയില്‍ ലോയിഡ്സ് ബാങ്കും 136 ശാഖകള്‍ അടച്ചുപൂട്ടിയിരുന്നു. എച്ച്.എസ്.ബി.സി, ബാര്‍ക്ലേസ്, ഹാലിഫാക്സ് തുടങ്ങിയ വന്‍കിട ബാങ്കിങ് കമ്പനികളെല്ലാം നേരത്തെതന്നെ രാജ്യത്ത് നൂറുകണക്കിന് ശാഖകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ സന്റാന്‍ഡറും ലോയിഡ്സ് ബാങ്കും ശാഖകള്‍ പൂട്ടുന്നത്.

  • ഇംഗ്ലണ്ട് താരം ഹാരി കെയ്ന് ബാലണ്‍ ഡി ഓര്‍; അലക്‌സിയ പ്യുട്ടയാസ് വനിതാ താരം, ലമീന്‍ യമാല്‍ മികച്ച യുവതാരം
  • തോമസ് മാര്‍ക്കിളിന്റേതെന്ന് കരുതുന്ന ചിത്രങ്ങളുടെ ശേഖരം പരിശോധിച്ച പോലീസ് ഞെട്ടലില്‍
  • കുറഞ്ഞ വരുമാനമുള്ള പെന്‍ഷന്‍കാര്‍ക്ക് ആദായനികുതി ഇളവ്; പുതിയ പദ്ധതി
  • ജനുവരിയില്‍ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ കുത്തനെ കൂടും; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ജനങ്ങളുടെ പോക്കറ്റടിക്കും!
  • നവംബര്‍ 25, 26 തീയതികളില്‍ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാരുടെ പണിമുടക്ക്; രോഗികള്‍ ദുരിതത്തിലാകും
  • ഓസ്റ്റിന്‍..ബൊയേലോ..., അടുത്തതു ക്ലോഹ് കൊടുങ്കാറ്റിന്റെ ഊഴം
  • ബജറ്റില്‍ ബാങ്കുകള്‍ക്ക് മേല്‍ കൈവെച്ചാല്‍ മോര്‍ട്ട്‌ഗേജുകള്‍ ഉയരും! ചാന്‍സലര്‍ക്ക് ലേബര്‍ എംപിമാരുടെ മുന്നറിയിപ്പ്
  • വാടകവീട് മാറാന്‍ കൂടുതല്‍ സ്വാതന്ത്ര്യം; ഇംഗ്ലണ്ടില്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും
  • ജനപിന്തുണയില്‍ കുതിച്ചു ലേബര്‍; ടോറികളും മെച്ചപ്പെട്ടു, റിഫോം നിലംപൊത്തി
  • ബ്രിട്ടീഷ് സമ്മര്‍ ടൈം കഴിഞ്ഞു; ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions