യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വയനാട് സ്വദേശിയായ യുവാവിനെ ബസില്‍ വച്ച് മര്‍ദ്ദിച്ചു; അക്രമി പിടിയില്‍

യുകെയിലെ പ്ലീമത്തില്‍ ബസില്‍ യാത്ര ചെയ്യവേ മലയാളി യുവാവിന് നേരെ ആക്രമണം. പ്ലിമത്തിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ സപ്പോര്‍ട്ട് വര്‍ക്കറായ മലയാളി യുവാവിന് നേരെ കഴിഞ്ഞ ദിവസം രാത്രി 8.30നായിരുന്നു ആക്രമണം. താമസ സ്ഥലത്തു നിന്നും 20 മിനിറ്റ് ദൂരത്തിലെ ആശുപത്രിയിലേക്ക് രാത്രി 10 മുതല്‍ ആരംഭിക്കുന്ന ഷിഫ്റ്റില്‍ ജോലിക്ക് കയറാന്‍ വേണ്ടിയുള്ള യാത്രയിലായിരുന്നു വയനാട് സ്വദേശിയായ യുവാവ്. ബസില്‍ കയറും മുമ്പേ യുവാവിനെ പിന്തുടര്‍ന്ന് എത്തിയ അക്രമി ബസ് യാത്രക്കിടയിലാണ് അക്രമം നടത്തിയത്.

യുവാവിനെ ആക്രമിക്കുന്നതിന് മുമ്പ് ബസില്‍ ഉണ്ടായിരുന്ന മറ്റ് ആളുകളോട് തട്ടി കയറുകയും ബഹളം വയ്ക്കുകയും ചെയ്ത ശേഷം മലയാളി യുവാവിനോട് അദ്ദേഹം ഉപയോഗിച്ചിരുന്ന ഫോണും എയര്‍പോടും ആവശ്യപ്പെട്ടു. നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ ഗുരുതരമായി ആക്രമിച്ചു. യുവാവിന്റെ തല ബസിനോട് ചേര്‍ത്തുവച്ച് ചവിട്ടുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് യുവാവിന് മുറിവേല്‍ക്കുകയും ഗ്ലാസ് സഹിതം ബസിന്റെ ജനാല തകരുകയും ചെയ്തു. ബസ് നിര്‍ത്തിയതും അക്രമി ഓടി രക്ഷപ്പെട്ടു. ബസ് ഡ്രൈവര്‍ ആവശ്യപ്പെട്ടതോടെ പൊലീസ് എത്തുകയും യുവാവിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

അക്രമിയെ രാത്രിയോടെ പൊലീസ് പിടികൂടി. പ്രദേശവാസിയായ ഇയാള്‍ അക്രമ കേസുകളില്‍ അകപ്പെട്ടയാളാണ്. ബസിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. യൂവാവ് നിലവില്‍ പ്ലിമത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ ചികിത്സയിലാണ്. തലയ്ക്ക് സിടി സ്‌കാന്‍ ഉള്‍പ്പെടെ പരിശോധന നടത്തി.

ബസിന് നാലായിരം പൗണ്ടിന്റെ നാശ നഷ്ടമുണ്ടായി. യുവാവിന്റെ ഫോണിനും എയര്‍പോടിനും കേടുപാടുണ്ടായി. യുവാവില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു.

ഒരു വര്‍ഷം മുമ്പ് യുകെയിലെത്തിയ യുവാവിന് സുഹൃത്തുക്കളും പ്ലിമത്തിലെ മലയാളി സമൂഹവും സഹായത്തിനുണ്ട്. ആക്രമണം മലയാളി സമൂഹത്തിന് ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions