യു.കെ.വാര്‍ത്തകള്‍

അഖിലിന്റെയും ടീനയുടെയും ദാരുണ മരണം: തീരാവേദനയില്‍ യുകെ മലയാളി സമൂഹം

സൗദിയിലെയും യുകെയിലെയും മലയാളി സമൂഹത്തിന് തീരാവേദനയായി അഖില്‍ അലക്സ് (28), ടീന ബിജു എന്നിവരുടെ ദാരുണമരണം. ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ട് യാത്രക്കിറങ്ങിയ ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവണ്ണം കത്തിയമര്‍ന്നിരുന്നു. വയനാട് അമ്പലവയല്‍ സ്വദേശിയും യുകെയിലെ പോര്‍ട്സ്മൗത്ത് മലയാളിയുമായ അഖില്‍ അലക്സ് (28), വയനാട് നടവയല്‍ സ്വദേശിനിയും സൗദിയിലെ മദീന മലയാളിയുമായ ടീന ബിജു (27) എന്നിവരടക്കം അഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്.

സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉലക്ക് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ചു കത്തുകയായിരുന്നു. അല്‍ ഉല സന്ദര്‍ശിച്ചു മടങ്ങങ്ങവേ ഇരുവരും സഞ്ചാരിച്ചിരുന്ന വാഹനവും എതിര്‍വശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാന്‍ഡ്ക്രൂയിസറും തമ്മില്‍ കൂട്ടിയിച്ച് തീപിടിക്കുകയായിരുന്നു. അഖിലിന്റെയും ടീനയുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവണ്ണം കത്തിയമര്‍ന്നു പോവുകയായിരുന്നു എന്നാണ് സാമൂഹികപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. അല്‍ ഉലയില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെയാണ് അപകടം ഉണ്ടായത്. ഇരുവരും അല്‍ ഉല സന്ദര്‍ശിച്ചതിനു ശേഷം സൗദിയില്‍ നിന്നും ഒരുമിച്ച് നാട്ടിലെത്താന്‍ ഉള്ള ഒരുക്കത്തില്‍ ആയിരുന്നു. ഇരുവരുടെയും വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നാട്ടില്‍ നടക്കവേയാണ് അഖിലിന്റെയും ടീനയുടെയും വീട്ടുകാരെയും ബന്ധുക്കളെയും തേടി നടുക്കുന്ന അപകട വാര്‍ത്തയെത്തുന്നത്. ജൂണ്‍ 16 ന് നാട്ടില്‍ വച്ച് ഇരുവരും വിവാഹം കഴിക്കാന്‍ ഇരിക്കെയാണ് ദാരുണമായ അന്ത്യം.

മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നഴ്സാണ് നടവയല്‍ നെയ്ക്കുപ്പ കരിക്കൂട്ടത്തില്‍ ബിജു-നിസി ജോസഫ് ദമ്പതികളുടെ മകളായ ടീന. നടവയലില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ അമ്പലവയല്‍ ഇളയിടത്ത് മഠത്തില്‍ അലക്സാണ്ടര്‍-സീന (ഷീജ) ദമ്പതികളുടെ മകനായ അഖില്‍ ചെന്നൈ, ലണ്ടന്‍ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം യുകെയില്‍ ഐടി എന്‍ജിനീയറായി ജോലി ചെയ്യുക ആയിരുന്നു. രണ്ടര വര്‍ഷം മുന്‍പാണ് അഖില്‍ യുകെയില്‍ എത്തുന്നത്.

അഖിലിന്റെ സഹോദരന്‍ നഴ്സായ ഡെനിന്‍ അലക്സും യുകെയില്‍ തന്നെയാണ് ഉള്ളത് . വിവാഹശേഷം അഖിലിനൊപ്പം ടീന യുകെയിലേയ്ക്ക് വരാനിരിക്കുകയായിരുന്നു. അതിനുവേണ്ടിയുള്ള ഒരുക്കത്തിന്റെ ഭാഗമായി ടീന സൗദിയിലെ ജോലി രാജി വെച്ചിരുന്നു.

അപകടത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ രംഗത്തുണ്ട്. മൃതദേഹങ്ങള്‍ മദീന ആശുപത്രിയിലേക്ക് മാറ്റും. മരിച്ച മറ്റു മൂന്നു പേര്‍ സൗദി സ്വദേശികളാണ്.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions