യു.കെ.വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ചു: ലേബര്‍ പാര്‍ട്ടി എംപിയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് പോലീസ്

ലണ്ടന്‍: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിനും പീഡിപ്പിച്ചതിനും ലേബര്‍ പാര്‍ട്ടി എംപി യുകെയില്‍ അറസ്റ്റില്‍. മുന്‍ മന്ത്രിയും ലേബര്‍ പാര്‍ട്ടി എംപിയുമായ ഡാന്‍ നോറിസിനെയാണ് പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തിലുള്ള വീട് റെയ്ഡ് ചെയ്തായിരുന്നു വെള്ളിയാഴ്ച നോറിസിനെ അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാലപീഡനവും നോറിസിന് മേല്‍ ചുമത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് ഈസ്റ്റ് സോമര്‍സെറ്റ് മണ്ഡലത്തില്‍ നിന്നും മുന്‍മന്ത്രി ജേക്കബ് റീസ് - മോഗിനെ പരാജയപ്പെടുത്തിയാണ് ഡാന്‍ നോറിസ് ജനപ്രതിനിധി സഭയില്‍ എത്തിയത്.

എന്‍ എസ് പി സി സി പരിശീലനം നേടുകയും അധ്യാപകനായും ശിശു സംരക്ഷണ ഓഫീസര്‍ ആയും പ്രവര്‍ത്തിച്ചിട്ടുള്ള നോറിസിനെ ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നതിനാലാണിത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പെണ്‍കുട്ടിക്ക് നേരെ നടത്തിയ ചില ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് മറ്റൊരു പോലീസ് ഫോഴ്സില്‍ നിന്നും തങ്ങള്‍ക്ക് 2024 ഡിസംബറില്‍ റെഫറല്‍ ലഭിച്ചിരുന്നു എന്നാണ് അവോണ്‍ ആന്‍ഡ് സോമര്‍സെറ്റ് പോലീസ് വക്താവ് പറഞ്ഞത്.

നോറിസ് ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ ഏറെയും 2000 നും 2010 നും ഇടയിലാണ് നടന്നിരിക്കുന്നത്. 2020 കളില്‍ നടന്നു എന്ന് പറയപ്പെടുന്ന ഒരു ബലാത്സംഗത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സംഗ കേസുകളും ഗുരുതരമായ മറ്റ് ലൈംഗിക അതിക്രമ കേസുകളും അന്വേഷിക്കുന്ന പ്രത്യേക സംഘമായ ഓപ്പറേഷന്‍ ബ്ലൂസ്റ്റോണ്‍ ടീമംഗങ്ങളാണ് ഈ കേസുകള്‍ അന്വേഷിക്കുന്നത്. അന്വേഷണം അതിന്റെ പ്രാഥമിക ഘട്ടത്തിലാണെന്നും പോലീസ് അറിയിച്ചു.

പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ ഇരയ്ക്ക് ആവശ്യമായ കൗണ്‍സിലിംഗും മറ്റ് സഹായങ്ങളും നല്‍കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. 1956 ലെ ലൈംഗികാതിക്രമ നിയമം, 2003 ലെ ലൈംഗികാതിക്രമ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ്, പെണ്‍കുട്ടിക്ക് നേരെയുള്ള ലൈംഗികാതിക്രമം, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, ഔദ്യോഗിക പദവിയുടെ ദുരുപയോഗം എന്നീ കുറ്റങ്ങള്‍ക്ക് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. അന്വേഷണം നടക്കുന്നതിനാതിനാല്‍ ഇപ്പോള്‍ നോറിസിനെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ താരതമ്യേന നേരിയ ഭൂരിപക്ഷത്തിനാണ് സോമര്‍സെറ്റില്‍ നോറിസ് ജയിച്ചത്. അതുകൊണ്ടു തന്നെ ഒരു ഉപതെരഞ്ഞെടുപ്പ് വന്നാല്‍ അത് സര്‍ കീര്‍ സ്റ്റാര്‍മറിന് വലിയ തലവേദന ആയിരിക്കും സൃഷ്ടിക്കുക. 5319 വോട്ടുകള്‍ക്കായിരുന്നു നോറിസ് ജയിച്ചത്.

ഡാന്‍ നോറിസ് എന്‍എസ്‌പിസിസി പരിശീലനം ലഭിച്ച ശിശു സംരക്ഷണ ഓഫിസറായും അധ്യാപകനായും പ്രവര്‍ത്തിക്കവേയാണ് ആദ്യ പീഡനം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
2000, 2020, 2024 വര്‍ഷങ്ങളില്‍ നിരവധി കുട്ടികളെ പീഡിപ്പിച്ചതായി ഇപ്പോള്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസുകള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions